ദസറ കൂട്ടുകെട്ടിന്റെ ‘പാരഡൈസ്’ 2026 മാർച്ച് റിലീസിന്; വൻ ആക്ഷൻ സൂചനകൾ നല്കി പോസ്റ്ററുകൾ പുറത്ത്

നടൻ നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ‘പാരഡൈസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. ‘ദസറ’ എന്ന വിജയ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും ഒന്നിക്കുന്ന ഈ സിനിമയുടെ റിലീസ് തീയതിയും അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026 മാർച്ച് 26-നായിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുക.
‘ജഡൽ’ എന്ന് പേരുള്ള കഥാപാത്രത്തെയാണ് നാനി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പുറത്തിറങ്ങിയ പോസ്റ്ററുകളിൽ ഇതുവരെ കാണാത്ത വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ആക്ഷൻ പീരിയഡ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലും സെക്കന്ദരാബാദിലുമായി പുരോഗമിക്കുകയാണ്. പോസ്റ്ററുകൾക്ക് സമൂഹമാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
എസ്എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ‘പാരഡൈസ്’ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. സി എച്ച് സായ് ഛായാഗ്രഹണവും, അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനും എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. നടൻ രാഘവ് ജുറലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, ബംഗാളി എന്നീ ഇന്ത്യൻ ഭാഷകൾക്ക് പുറമെ സ്പാനിഷ്, ഇംഗ്ലീഷ് ഉൾപ്പെടെ എട്ട് ഭാഷകളിലായി ഒരു പാൻ-വേൾഡ് റിലീസാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.