‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ’: ഇന്ദ്രജിത്തും അനശ്വരയും ഒന്നിക്കുന്ന ചിത്രത്തിലെ ‘ആരംഭമായി’ ഗാനം പുറത്തിറങ്ങി

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലറി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ഇന്ദ്രജിത്ത് സുകുമാരനെയും അനശ്വര രാജനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ഈ റൊമാൻ്റിക് കോമഡി ഡ്രാമ ചിത്രത്തിലെ ‘ആരംഭമായി’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനമാണ് റിലീസ് ആയിരിക്കുന്നത്. പി എസ് ജയ്ഹരിയും ഡോൺ തോമസും ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതം നല്കിയിരിക്കുന്നത് പി എസ് ജയ്ഹരിയാണ്. റാപ്പ് വരികൾ ഡോൺ തോമസ് ഒരുക്കിയപ്പോൾ, ഗാനത്തിൻ്റെ വരികൾ മഹേഷ് ഗോപാലാണ് രചിച്ചിരിക്കുന്നത്.
ട്രെയിലർ നല്കുന്ന സൂചന അനുസരിച്ച്, കല്യാണ ദിവസം വീട്ടിൽ നിന്നും ഒളിച്ചോടുന്ന എംഎൽഎയുടെ അനുജൻ്റെ മകളായ സ്റ്റെഫിയായി അനശ്വര രാജൻ ചിത്രത്തിൽ വേഷമിടുന്നു. ഏകദേശം 40 വയസ്സുള്ള ബാച്ചിലറായ ജിത്തു എന്ന കഥാപാത്രത്തെ ആണ് ഇന്ദ്രജിത്ത് സുകുമാരൻ അവതരിപ്പിക്കുന്നത്. ജിത്തു തൻ്റെ കാറിൽ സ്റ്റെഫിക്ക് ലിഫ്റ്റ് നൽകുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ പ്രധാന പ്രമേയം. രസകരമായ മുഹൂർത്തങ്ങളിലൂടെയും ആകാംഷ നിറഞ്ഞ നിമിഷങ്ങളിലൂടെയും ചിത്രം പ്രേക്ഷകരെ മുന്നോട്ട് കൊണ്ടുപോകും എന്ന പ്രതീക്ഷ ആണ് ദിവസങ്ങൾക്ക് മുൻപിറങ്ങിയ ട്രെയിലർ നല്കിയത്.
ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരെ കൂടാതെ ദയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ, സംവിധായകൻ ദീപു കരുണാകരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2025 മെയ് 23ന് ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ’ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ഹൈലൈൻ പിക്ചേഴ്സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത് അർജുൻ ടി സത്യനാണ്. ചിത്രത്തിൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നതും പി എസ് ജയ്ഹരിയാണ്. പ്രദീപ് നായർ ഛായാഗ്രഹണവും, സോബിൻ സോമൻ എഡിറ്റിംഗും, സാബു റാം കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. മ്യൂസിക് 247നാണ് ചിത്രത്തിൻ്റെ സംഗീത അവകാശം സ്വന്തമാക്കിയിരിക്കുന്നത്.