in

സൂപ്പർതാരം മോഹൻലാൽ പുതിയ ചിത്രം പ്രഖ്യാപിച്ചു; സംവിധാനം അനൂപ് മേനോൻ

സൂപ്പർതാരം മോഹൻലാൽ പുതിയ ചിത്രം പ്രഖ്യാപിച്ചു; സംവിധാനം അനൂപ് മേനോൻ

പ്രശസ്ത നടനും സംവിധായകനും രചയിതാവുമായ അനൂപ് മേനോന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. മോഹന്‍ലാല്‍ തന്നെയാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അനൂപ് മേനോനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് മോഹന്‍ലാല്‍ പുതിയ ചിത്രത്തിന്റെ വിവരം പുറത്ത് വിട്ടത്. ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്.

പ്രണയവും വിരഹവും സംഗീതവും ഇഴ ചേര്‍ന്ന റൊമാന്റിക് എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കുക എന്നും മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ടൈംലെസ് മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വരും.

അനൂപ് മേനോന്‍ തന്റെ കരിയറില്‍ ആദ്യമായി തിരക്കഥ എഴുതിയ ചിത്രമായ ‘പകല്‍ നക്ഷത്രങ്ങളില്‍’ നായകനായെത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. രാജീവ് നാഥ് ആയിരുന്നു ആ ചിത്രത്തിന്റെ സംവിധായകൻ. കിംഗ് ഫിഷ് എന്ന ചിത്രം ഒരുക്കി സംവിധാന അരങ്ങേറ്റം കുറിച്ച അനൂപ് മേനോൻ ഒരുക്കിയ അവസാന ചിത്രം 2022ല്‍ റിലീസ് ചെയ്ത ‘പദ്മ’ ആണ്.

പൃഥ്വിരാജ് ഒരുക്കിയ എമ്പുരാന്‍ അടക്കം നിരവധി ബിഗ് ബജറ്റ് സിനിമകളാണ് മോഹന്‍ലാലിന്റെതായി റിലീസിന് ഒരുങ്ങുന്നത്. തരുൺ മൂർത്തി ഒരുക്കിയ തുടരും, സത്യൻ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂര്‍വ്വം, ജീത്തു ജോസഫ് ഒരുക്കുന്ന റാം, മഹേഷ് നാരായണന്‍ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം എന്നിവയുടെ ജോലികൾ പുരോഗമിക്കുകയാണ്. ഇവ കൂടാതെ കണ്ണപ്പ, വൃഷഭ എന്നീ തെലുങ്കു ചിത്രങ്ങളും മോഹൻലാൽ ഭാഗമായി ഈ വർഷം എത്തുന്നുണ്ട്.

പുലിമുരുകൻ വലിയ ലാഭം തന്നെ; തെറ്റായ വാർത്തകൾക്കെതിരെ പ്രതികരിച്ച് ടോമിച്ചൻ മുളകുപാടം

പ്രകടനം കൊണ്ട് വിസ്മയിപ്പിക്കാൻ വിജയരാഘവൻ; ‘ഔസേപ്പിന്‍റെ ഒസ്യത്ത്’ ടീസർ പുറത്ത്…