in ,

ത്രീഡി കാഴ്ചകളുടെ വിസ്മയ ദൃശ്യങ്ങളുമായി മോഹൻലാലിന്റെ ബറോസ്; റിവ്യൂ വായിക്കാം

ത്രീഡി കാഴ്ചകളുടെ വിസ്മയ ദൃശ്യങ്ങളുമായി മോഹൻലാലിന്റെ ബറോസ്; റിവ്യൂ വായിക്കാം

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്നു എന്നത് തന്നെയാണ് “ബറോസ്- നിധി കാക്കും ഭൂതം” എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകർഷിച്ച ഏറ്റവും വലിയ ഘടകം. അതിനൊപ്പം പൂർണ്ണമായും ത്രീഡിയിൽ ചിത്രീകരിച്ച രണ്ടാമത്തെ മാത്രം ഇന്ത്യൻ ചിത്രമെന്നതും ആ കാത്തിരിപ്പിനു ആക്കം കൂട്ടി. മോഹൻലാൽ- ടി കെ രാജീവ്കുമാർ എന്നിവരുടെ തിരക്കഥയിൽ മോഹൻലാൽ തന്നെ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത് മോഹൻലാലും മായാ റാവു വെസ്റ്റ് എന്ന ബാലതാരവുമാണ്. കലവൂർ രവികുമാർ സംഭാഷണങ്ങൾ രചിച്ച ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

400 വർഷമായി വാസ്കോഡി ഗാമയുടെ നിധിക്കു കാവലിരിക്കുന്ന ബറോസ് എന്ന ഭൂതവും വാസ്കോഡി ഗാമയുടെ തലമുറയിൽ പെട്ട ഇസബെല്ലാ എന്ന പെണ്കുട്ടിയുമായുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം വികസിക്കുന്നത്. റോൺ മാധവ് എന്ന ബിസിനസ്സ്മാൻ തന്റെ പുതിയ സംരംഭവുമായി ഗോവയിൽ എത്തുന്നതും, അയാളുടെ മകളായ ഇസബെല്ല അവിചാരിതമായി ബറോസ് എന്ന ഭൂതത്തെ സ്വതന്ത്രനാക്കുകയും ചെയ്യുന്നതോടെയാണ് ചിത്രം ട്രാക്കിലാവുന്നത്. കാവലിരിക്കുന്ന നിധി അതിന്റെ അനന്തരാവകാശിയെ ഏൽപ്പിക്കാനായി ബറോസ് നടത്തുന്ന ശ്രമങ്ങളും അതിനെതിരെ ചില ദുഷ്ടശക്തികൾ പ്രവർത്തിക്കുന്നതുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

അമ്പരപ്പിക്കുന്ന സാങ്കേതിക പൂർണ്ണതയിലാണ് മോഹൻലാൽ എന്ന സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കുട്ടികളെ ലക്ഷ്യമാക്കി ഒരുക്കിയ ഈ ചിത്രം അവർക്കു മുന്നിൽ തുറന്നിടുന്നത് ഫാന്റസിയുടെ ഒരു അത്ഭുത ലോകമാണ്. ഭൂതവും നിധി വേട്ടയും ആനിമേറ്റഡ് കഥാപാത്രങ്ങളും എല്ലാം നിറഞ്ഞ മാജിക്കിന്റെ ഒരു വിസ്‌മയ ലോകം പ്രേക്ഷകർക്ക് മുന്നിലൊരുക്കാൻ മോഹൻലാലിന് സാധിച്ചിട്ടുണ്ട്. ഫാന്റസിയും സംഗീതവും തമാശയും വൈകാരിക മുഹൂർത്തങ്ങളും അഡ്വെഞ്ചറും എല്ലാം കോർത്തിണക്കിയാണ് അദ്ദേഹം കഥ പറഞ്ഞിരിക്കുന്നത്.

മനോഹരമായ താളത്തില്‍ കാഴ്ചകള്‍ക്കും വൈകാരികതക്കും പ്രധാന്യം നല്‍കി മുന്നോട്ട് പോകുന്ന ചിത്രം ത്രീഡിയുടെ അത്ഭുതം പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. വേഗത്തിൽ സഞ്ചരിക്കുകയും ട്വിസ്റ്റുകൾ കൊണ്ട് ഞെട്ടിക്കുകയും ചെയ്യുന്നതിനേക്കാൾ കാഴ്ചയുടെ വിസ്മയം ആയിരിക്കും ഒരുപക്ഷെ പ്രേക്ഷകരെ ഈ ചിത്രത്തോട് അടുപ്പിക്കുക. അണ്ടർ വാട്ടർ കാഴ്ചകളും ഗംഭീര വിഷ്വൽ എഫക്ട്സും ചിത്രത്തെ വേറെ തലത്തിൽ എത്തിക്കുന്നുണ്ട്. ആനിമേറ്റഡ് ആയ വൂഡൂ എന്ന കഥാപാത്രം കുട്ടികളും കുടുംബങ്ങളും ഏറെ ആസ്വദിക്കും എന്നുറപ്പ്. ആ കഥാപാത്രത്തിലൂടെ ഉണ്ടാക്കിയ ഹ്യൂമറും മികച്ചു നിന്നു.

തിരക്കഥാ രചന നന്നാക്കാമായിരുന്നു എന്ന് തോന്നിയാലും, ദൃശ്യങ്ങൾ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. രചനയുടെ മികവ് കുറവാണ് ചിത്രത്തിന്റെ വേഗത കുറക്കുന്നതും അതുപോലെ തന്നെ ചിലപ്പോഴെങ്കിലും വളരെയധികം ഡ്രമാറ്റിക് ആക്കി മാറ്റുന്നതും. വിദേശ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്മാരുടെ അഭിനയത്തിലെ പോരായ്മകളും ഡയലോഗുകളിലെ നാടകീയതയും ഇടക്കെങ്കിലും കല്ലുകടിയാവുന്നുമുണ്ട്.

സന്തോഷ് ശിവൻ ഒരുക്കിയ ദൃശ്യങ്ങൾ സിനിമയുടെ നട്ടെല്ലാവുമ്പോൾ ലിഡിയൻ നാദസ്വരം ഒരുക്കിയ ഗാനങ്ങളും മികച്ചു നിന്നു. മാർക്ക് കിലിയൻ ഒരുക്കിയ പശ്‌ചാത്തല സംഗീതം ഒരു ഹോളിവുഡ് ചിത്രം കാണുന്ന ഫീലാണ് പ്രേക്ഷകർക്ക് നൽകിയത്. മലയാള സിനിമയുടെ പരിധികൾക്കുള്ളിൽ നിന്നു കൊണ്ട് അതിഗംഭീരം എന്ന് പറയാവുന്ന വി എഫ് എക്സ് ഒരുക്കിയിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ബി അജിത് കുമാർ ആണ്.

ബറോസ് എന്ന ടൈറ്റിൽ റോളിൽ മോഹൻലാൽ ഗംഭീരമായപ്പോൾ ഒരിക്കൽ കൂടി അദ്ദേഹത്തിലെ കുട്ടിത്തം മലയാളി പ്രേക്ഷകരുടെ മനസ്സിൽ പതിയുന്ന കാഴ്ചയും നമ്മുക്ക് കാണാം. ഇസബെല്ലാ ആയി വേഷമിട്ട മായയും മികച്ച പ്രകടനമാണ് നൽകിയത്. ഇവരെ കൂടാതെ സാര വേഗ, തുഹിർ മേനോൻ, ഗുരു സോമസുന്ദരം, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസർ ലോറന്റെ റാറ്റൺ, കോമൾ ശർമ്മ, വിവിയ ശാന്ത്, പെഡ്രോ ഫിഗ്യൂറെഡോ, ജൂൺ വിഗ് എന്നിവരും ചിത്രത്തിലുണ്ട്.

ബറോസ് എന്ന ചിത്രം കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു ഗംഭീര കാഴ്ചാനുഭവം തന്നെയായിരിക്കും എന്നതില്‍ സംശയമില്ല. ഛായാഗ്രഹണം, വിഎഫ്എക്‌സ്, സംഗീതം, എന്നിവകൊണ്ടെല്ലാം ഈ ചിത്രം അതിമനോഹരമായ ഒരു ദൃശ്യവിസ്മയമായി മാറുന്നു.

“ഇവരുടെ ഒക്കെ പ്രിയപെട്ട നടൻ താങ്കളാണ്, അത് അറിയുമോ”, സുഹാസിനിയുടെ ചോദ്യത്തിന് മോഹൻലാലിൻ്റെ മറുപടി ഒരു പുഞ്ചിരി!

വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിൽ ഒരു സോമ്പി ചിത്രവും; ‘ജാമ്പി’ പ്രഖ്യാപിച്ചു…