L360 ഫൈനൽ ഷെഡ്യൂൾ ചെന്നൈയിൽ; ജോയിൻ ചെയ്ത് മോഹൻലാൽ
മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന L360 യുടെ അവസാന ഷെഡ്യൂൾ ആരംഭിച്ചു. റാന്നിയിൽ ചിത്രീകരണം തുടങ്ങിയ ഈ ചിത്രം തൊടുപുഴ, വാഗമൺ എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ഇപ്പോൾ ചെന്നൈയിൽ എത്തിയിരിക്കുന്നത്. രണ്ടാഴ്ചയോളം നീളുന്ന അവസാന ഷെഡ്യൂളോടെ ചിത്രം പൂർത്തിയാവുമെന്നാണ് സൂചന.
അവസാന ഷെഡ്യൂളിൽ ചെന്നൈ കൂടാതെ കേരളത്തിലെ ഏതാനും ലൊക്കേഷനുകളിലും ഷൂട്ടിംഗ് നടക്കുമെന്നാണ് വിവരം. ചെന്നൈയിൽ ആരംഭിച്ച അവസാന ഷെഡ്യൂളിൽ കഴിഞ്ഞ ദിവസം മോഹൻലാൽ ജോയിൻ ചെയ്തു. ഒക്ടോബറിൽ തന്നെ പൂർത്തിയാവുന്ന ചിത്രം 2025 ജനുവരി അവസാന വാരമാകും ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക എന്നാണ് സൂചന.
മോഹൻലാൽ പത്തനംതിട്ട റാന്നി സ്വദേശിയായ ഷൺമുഖം എന്ന ടാക്സി ഡ്രൈവറായി വേഷമിടുന്ന ചിത്രത്തിൽ ശോഭനയാണ് നായികയായി എത്തുന്നത്. ഫർഹാൻ ഫാസിൽ, ബിനു പപ്പു, മണിയൻ പിള്ള രാജു, ഇർഷാദ് തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ്, എഡിറ്റിംഗ് നിർവഹിക്കുന്നത് നിഷാദ് യൂസഫ്, കാമറ ചലിപ്പിക്കുന്നത് ഷാജി കുമാർ,
ഓപ്പറേഷൻ ജാവ, ദേശീയ പുരസ്‌കാരം നേടിയ സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് തരുണും കെ ആർ സുനിലും ചേർന്നാണ്. ആശീർവാദ് റിലീസ് ആയിരിക്കും ചിത്രം ആഗോള റിലീസായി എത്തിക്കുക എന്നാണ് സൂചന. ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് എന്നിവ വൈകാതെ റിലീസ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.