പുതിയ ബെഞ്ച്മാർക്കുകൾ സൃഷ്ടിക്കുന്ന മലയാളത്തിന്റെ മോഹൻലാൽ; എമ്പുരാൻ കളക്ഷൻ റിപ്പോർട്ട്

മലയാള സിനിമയിൽ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ബോക്സ് ഓഫീസിൽ കളക്ഷനിൽ സ്ഥിരതയോടെ പുത്തൻ നാഴികക്കല്ലുകൾ ഉണ്ടാക്കുന്ന ഒരേയൊരു താരമാണ് മോഹൻലാൽ. മലയാളത്തിലെ ആദ്യത്തെ മൂന്നു കോടി, അഞ്ചു കോടി, പത്തു കോടി, ഇരുപത് കോടി മുതൽ, അമ്പതു കോടിയും, നൂറു കോടിയും നേടി തന്നത് മോഹൻലാൽ നായകനായ ചിത്രങ്ങളാണ്. ഇപ്പോഴിതാ മലയാളത്തിലെ ആദ്യത്തെ 250 കോടി കളക്ഷൻ നേടുന്ന ചിത്രവും ഒരു മോഹൻലാൽ ചിത്രമായതിൽ ഒട്ടും അതിശയോക്തിയില്ല.
മലയാള സിനിമയിൽ പുതിയ നാഴികക്കല്ലുകൾ സൃഷ്ടിക്കുന്ന മലയാളത്തിന്റെ മോഹൻലാൽ എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ എമ്പുരാന്റെ സംവിധായകനായ നടൻ പൃഥ്വിരാജ് പങ്ക് വെച്ചതും. ഇതിനോടകം 260 കോടിയോളമാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് എമ്പുരാൻ നേടിയ ഗ്രോസ് കളക്ഷൻ. മഞ്ഞുമ്മൽ ബോയ്സ് നേടിയ 241 കോടി ആഗോള ഗ്രോസ് റെക്കോർഡ് ആണ് എമ്പുരാൻ മറികടന്നത്. കേരളത്തിൽ ഇതിനോടകം 84 കോടിയോളം ഗ്രോസ് നേടിയ എമ്പുരാൻ ഉടൻ പുലി മുരുകൻ കേരളാ ഗ്രോസ് (85 കോടി) മറികടക്കും. അതിനു ശേഷം 2018 എന്ന ചിത്രം നേടിയ 89 കോടിയുടെ മാർക്ക് മാത്രമാണ് എമ്പുരാന് മലയാളത്തിൽ തകർക്കാൻ ബാക്കിയുള്ളത്.
വിദേശത്ത് നിന്ന് എമ്പുരാൻ നേടിയത് ഏകദേശം 142 കോടി രൂപക്ക് മുകളിലാണ്. ഏകദേശം 75 കോടിയോളം ഓവർസീസ് ഗ്രോസ് നേടിയ മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ റെക്കോർഡ് ഇരട്ടി മാർജിനിലാണ് എമ്പുരാൻ തകർത്തത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ 33 കോടിക്ക് മുകളിൽ നേടിയ ചിത്രം മഞ്ഞുമ്മൽ ബോയ്സ് കഴിഞ്ഞാൽ ഏറ്റവും വലിയ റസ്റ്റ് ഓഫ് ഇന്ത്യ ഗ്രോസ് നേടുന്ന മലയാള ചിത്രവുമാണ്. ഏറ്റവും വേഗത്തിൽ അമ്പത് കോടി, നൂറു കോടി, 200 കോടി എന്നിവ പിന്നിട്ട മലയാള ചിത്രവും, ഏറ്റവും കൂടുതൽ ഡിസ്ട്രിബൂഷൻ ഷെയർ കേരളത്തിൽ നിന്ന് നേടുന്ന ചിത്രവും ഇപ്പോൾ മോഹൻലാലിൻറെ എമ്പുരാൻ ആണ്. ആഗോള ബോക്സ് ഓഫീസ് ഷെയർ മാത്രം 100 കോടിക്ക് മുകളിൽ നേടിയ ഒരേയൊരു മലയാള ചിത്രവും എമ്പുരാൻ ആണ്.
അങ്ങനെ എല്ലാ അർത്ഥത്തിലും മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി തല ഉയർത്തി നിൽക്കുകയാണ് ഈ മോഹൻലാൽ ചിത്രം. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലും ഇൻഡസ്ട്രി ഹിറ്റ് സമ്മാനിച്ച ഇന്ത്യൻ സിനിമയിലെ ഒരേയൊരു നായകൻ എന്ന പദവിയും ഇതോടെ മോഹൻലാൽ സ്വന്തമാക്കി. അതിൽ തന്നെ കഴിഞ്ഞ 12 വർഷത്തിനിടയിൽ മൂന്നു തവണയാണ് മോഹൻലാൽ മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റ് സമ്മാനിച്ചത്. ഇരുപതാം നൂറ്റാണ്ട്, ചിത്രം, കിലുക്കം, മണിച്ചിത്രത്താഴ്, ചന്ദ്രലേഖ, ആറാം തമ്പുരാൻ, നരസിംഹം, ട്വന്റി ട്വന്റി, ദൃശ്യം, പുലി മുരുകൻ, എമ്പുരാൻ എന്നിവയാണ് മോഹൻലാലിന്റെ കരിയറിലെ 11 ഇൻഡസ്ട്രി ഹിറ്റുകൾ. ഇതിൽ ഏറ്റവും രസകരമായ വസ്തുത 1980 മുതൽ 2025 വരെയുള്ള കാലഘട്ടത്തിൽ മോഹൻലാൽ പതിനൊന്നു ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ചപ്പോൾ മറ്റൊരു താരത്തിനും നായകനായി മൂന്നിൽ കൂടുതൽ നല്കാൻ സാധിച്ചിട്ടില്ല എന്നതാണ്. വിഷുവിനു നാല് പുതിയ ചിത്രങ്ങൾ വന്നിട്ടും, കേരളത്തിൽ മുന്നൂറിലധികം ഷോയുമായി മികച്ച കളക്ഷൻ നേടിയാണ് എമ്പുരാൻ കുതിക്കുന്നത്.