“ആരാധകർ സങ്കടപ്പെടുന്നു, സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കണം”; മോഹൻലാലിന്റെ വാക്കുകൾ കൈയ്യടികളോടെ സ്വീകരിച്ച് സോഷ്യൽ മീഡിയ
താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യുന്നത് തനിക്കു വലിയ വെല്ലുവിളി തന്നെയാണ് എന്നും, കാരണം അവർ പറയുന്ന കഥകളിൽ മുഴുവൻ മോഹൻലാലിനെ ആണ് കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിലെ മോഹൻലാലിനെ മായ്ച്ചു കളഞ്ഞു വേണം അത്തരം ചിത്രങ്ങൾ തനിക്ക് ചെയ്യാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്ന ഒരു ചിത്രമായിരുന്നു ‘മലൈക്കോട്ടൈ വാലിബൻ’ എന്നും സിനിമ വളരെ മികച്ചതായിട്ടു കൂടി തിയേറ്ററുകളിൽ വിജയിച്ചില്ല എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെക്കാൾ തന്റെ ആരാധകർക്കും സുഹൃത്തുക്കൾക്കുമെല്ലാം സങ്കടമുണ്ടാക്കിയിരുന്നു അതിന്റെ പരാജയമെന്നും പറഞ്ഞ മോഹൻലാൽ, താനിപ്പോൾ സിനിമകൾ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധയോടെയാണ് എന്നും കൂട്ടിച്ചേർത്തു. ഇവിടെ ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ കുറ്റം മുഴവൻ നടന്റെ തോളിലാണ് എന്നതും അദ്ദേഹം ചൂണ്ടി കാണിക്കുന്നുണ്ട്.
താൻ ഇപ്പോൾ ചെയ്ത ‘തുടരും’ എന്ന ചിത്രവും ഇനി ചെയ്യാൻ പോകുന്ന ചിത്രവുമെല്ലാം പുതിയ സംവിധായകർക്ക് ഒപ്പമാണെന്നും ആവേശം ഒരുക്കിയ ജിത്തു മാധവനൊപ്പം താൻ ഒന്നിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അതോടൊപ്പം സംവിധായകൻ ബ്ലെസ്സിയുമായി വീണ്ടും ഒന്നിക്കുമെന്ന സൂചനയും മോഹൻലാലിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു. താൻ പുതിയ സംവിധായകരുടെ ഒരുപാട് കഥകൾ കേൾക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് ക്രിസ്മസ് റിലീസായി എത്തുകയാണ്. അതിനു ശേഷം തരുൺ മൂർത്തി ഒരുക്കിയ ‘തുടരും’ എന്ന ചിത്രം ജനുവരിയിലും പൃഥ്വിരാജ് ഒരുക്കിയ ‘എമ്പുരാൻ’ മാർച്ചിലും റിലീസ് ചെയ്യും. മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം, സത്യൻ അന്തിക്കാടിന്റെ ‘ഹൃദയപൂർവം’ എന്നിവയാണ് ഇനി മോഹൻലാൽ ചെയ്യാൻ പോകുന്ന രണ്ടു ചിത്രങ്ങൾ.