മാമ്പറയ്ക്കൽ അഹമ്മദ് അലിയായി ഖലീഫയിൽ മോഹൻലാൽ; പൃഥ്വിരാജ്- വൈശാഖ് ചിത്രത്തിന് രണ്ടാം ഭാഗം

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാംടീം ഒന്നിക്കുന്ന ” ഖലീഫ”യിൽ അതിഥി താരമായി മോഹൻലാൽ. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി ആണ് ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുക. മാത്രമല്ല, ഈ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നും രണ്ടാം ഭാഗത്തിൽ മോഹൻലാൽ ആയിരിക്കും നായകനെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും ഈ രണ്ടാം ഭാഗത്തിന്റെ താരനിരയിൽ ഉണ്ടാകും എന്നാണ് സൂചന
പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനത്തിന് റിലീസ് ചെയ്ത, ഈ ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോയിൽ മിസിസ് ഗാന്ധിയെ മുട്ടു കുത്തിച്ച മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തെ കുറിച്ച് ഉണ്ടായിരുന്ന ഡയലോഗ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങളിലൂടയാണ് മാമ്പറയ്ക്കൽ അഹമ്മദ് അലി, മാമ്പറയ്ക്കൽ ആമിർ അലി എന്നീ കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മുന്നിൽ പരിചയപ്പെടുത്തിയത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രത്തിന്റെ കൊച്ചു മകനായ മാമ്പറയ്ക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് ഖലീഫയിൽ വേഷമിടുന്നത്.
ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ. സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആണ് ഖലീഫ എന്ന സൂചനയാണ് ഇതിന്റെ ഗ്ലിമ്പ്സ് വീഡിയോ നൽകിയത്. നൽകിയത്. മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിര അണിനിരക്കുമെന്നാണ് സൂചന. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.
‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ഈ വർഷം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിൻ്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ഈ ചിത്രം 2026 ഓണം റിലീസായാണ് എത്തുക. ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ.


