ഓപ്പറേഷൻ സിന്ദൂർ; പാൻ ഇന്ത്യൻ ചിത്രവുമായി മോഹൻലാൽ- മേജർ രവി ടീം?

കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടുമൊരു ചിത്രമൊരുക്കാൻ മേജർ രവി എന്ന് വാർത്തകൾ. പഹൽഗാമിൽ നടന്ന പാകിസ്ഥാൻ തീവ്രവാദി ആക്രമണത്തിന് പകരമായി ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ വമ്പൻ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നാണ് വാർത്തകൾ വരുന്നത്.
ഒരു പാൻ ഇന്ത്യൻ ചിത്രമായി പ്ലാൻ ചെയ്യുന്ന പ്രോജെക്ടിൽ മോഹൻലാലിനൊപ്പം അന്യ ഭാഷയിലെ പ്രമുഖ താരങ്ങളും അണിനിരക്കും. തമിഴിൽ നിന്ന് നടൻ ശരത് കുമാർ ഈ ചിത്രത്തിന്റെ ഭാഗമാകും എന്നാണ് സൂചന. ഇത് കൂടാതെ ബോളിവുഡിലെയും പ്രമുഖ താരങ്ങൾ ചിത്രത്തിൽ ഉണ്ടാകും. വമ്പൻ സാങ്കേതിക സംഘത്തെയാണ് ഈ ചിത്രത്തിൽ മേജർ രവി അണിനിരത്തുക.
ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ തിരു, സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ എന്നിവർക്കൊപ്പം ബാഹുബലി അടക്കമുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ കെച്ച കംപഖടെയും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. ചിത്രത്തിന്റെ തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് മോഹൻലാലിന് ഇഷ്ടപ്പെട്ടു എന്നും അടുത്ത വർഷം പകുതിയോടെ ചിത്രം ആരംഭിക്കാൻ ആണ് പ്ലാൻ ചെയ്യുന്നത് എന്നും വാർത്തകളുണ്ട്.
കീർത്തിചക്ര, മിഷൻ 90 ഡേയ്സ് എന്നിവക്കു ശേഷം മേജർ രവി – തിരു ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ആയിരിക്കും ഇത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരും. ഇപ്പോൾ ദൃശ്യം 3 ൽ അഭിനയിക്കുന്ന മോഹൻലാൽ, ഇതിന് ശേഷം ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന തുടക്കം, ഡാൻ ഓസ്റ്റിൻ ഒരുക്കുന്ന L365 എന്നീ ചിത്രങ്ങളിലാണ് അഭിനയിക്കുക. മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റും മോഹൻലാൽ അടുത്ത മാസം പൂർത്തിയാക്കും. കൃഷാന്ത്, ദിലീഷ് പോത്തൻ എന്നിവർ ഒരുക്കുന്ന ചിത്രങ്ങളും മോഹൻലാലിന്റെ പരിഗണനയിലുണ്ട്.

