‘മാർക്കോ’ നിർമ്മാതാക്കളുടെ പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്ത്; നായകൻ ആര്? ആകാംക്ഷയോടെ ആരാധകർ…

മാർക്കോ എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയുടെ നിർമ്മാതാക്കളായ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തിറങ്ങി. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്‍റ് പോസ്റ്റർ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ ആണ് റിലീസ് ആയത്. ‘പ്രൊഡക്ഷൻ നമ്പർ 2’ എന്ന പേരിൽ ഒരു കത്തിയുമായി പുറം തിരിഞ്ഞു നിൽക്കുന്ന താരവും കൂടാതെ മുമ്പിലായി ഒരു വിന്‍റേജ് മോഡൽ, തോക്കുമാണ് പോസ്റ്ററിൽ കാണുന്നത്. ചിത്രത്തിലെ നായകൻ ആര് എന്നത് പ്രേക്ഷകരിൽ വളരെയധികം ആകാംക്ഷ ജനിപ്പിക്കും എന്നത് തീർച്ച.
അവിടെ ഇവിടെങ്ങളിലായി ചിന്നിത്തെറിച്ചിരിക്കുന്ന രക്തക്കറകളും എല്ലാം പടത്തിന്‍റെ ജോണറുമായി ബന്ധപ്പെട്ട് പ്രേക്ഷകർക്ക് നൽകുന്ന ചില സൂചനകളായി കണക്കാക്കാം. നവാഗതനായ പോൾ ജോർജ് ആണ് സംവിധാനം നിർവ്വഹിക്കുന്നത്. തന്‍റെ രണ്ടാമത്തെ പ്രൊഡക്ഷൻ തന്നെ ഒരു പുതിയ സംവിധായകനെ ഏൽപ്പിച്ചു കൊണ്ട് വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടുകയാണ് നിർമ്മാതാവായ ഷെരീഫ് മുഹമ്മദ്.
മലയാള സിനിമയിലേക്ക് ഒരു പിടി കഴിവുറ്റ കലാകാരന്മാർക്ക് അവസരം നൽകുക മാത്രമല്ല, മറ്റു ഭാഷ ചിത്രങ്ങൾ പോലെ ഇവിടുത്തെ സിനിമകളെ വേറൊരു തലത്തിൽ എത്തിക്കാൻ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷൻ ക്വാളിറ്റിയും ഉറപ്പ് വരുത്തി കൊണ്ട് മാർക്കോ പോലെയോ അതിനേക്കാൾ ഉയരത്തിലോ ഇനിയും വിജയങ്ങൾ കൊയ്തെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്.
ചിത്രത്തിന്‍റേതായി മറ്റ് വിവരങ്ങളൊന്നും തന്നെ അണിയറപ്രവർത്തകർ നിലവിൽ പുറത്ത് വിട്ടിട്ടില്ല. എങ്കിലും മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. എന്തായാലും ചിത്രത്തിന്റെ കൂടുതൽ അപ്ഡേറ്റഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.