മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആവാൻ മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ; ‘ബസൂക്ക’ ഏപ്രിൽ 10 മുതൽ…

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്ക ഏപ്രിൽ പത്തിന് ആഗോള റിലീസായെത്തും. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്.
കേരളത്തിൽ 225 ഓളം സ്‌ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കിടിലൻ ലുക്കും ഇതിന്റെ ഗംഭീര പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് നേടുന്നത്. കഴിഞ്ഞ വർഷം പുറത്ത് വന്ന ഇതിന്റെ ടീസറും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് നേടിയത്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്.
മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം – മിഥുൻ മുകുന്ദൻ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.