മാത്യു ദേവസിയായി പകർന്നാടാൻ മമ്മൂട്ടി; ‘കാതൽ’ സിനിമയുടെ അപ്‌ഡേറ്റ്…
ശ്രദ്ധേയനായ സംവിധായകൻ ജിയോ ബേബിയും മെഗാസ്റ്റാർ മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ‘കാതൽ – ദ് കോർ’. തെന്നിന്ത്യൻ താരം ജ്യോതിക ആണ് ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികാ വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുൻപ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. വിന്റേജ് ലുക്കിൽ ആയിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മമ്മൂട്ടിയും ജ്യോതികയും പ്രത്യക്ഷപ്പെട്ടത്. വളരെയധികം പ്രേക്ഷക ശ്രദ്ധ നേടുന്ന ഈ ചിത്രം മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി ആണ് നിർമ്മിക്കുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ആണിപ്പോൾ പുറത്തുവരുന്നത്.
ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന അപ്‌ഡേറ്റ് ആണ് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഫ്‌ളക്‌സ് ബോർഡിന്റെ ചിത്രത്തിലൂടെ ആണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. തീക്കോയി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഇടത് സ്ഥാനാർഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നത് ആണ് ഫ്ലക്സ് ബോർഡിൽ കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ചിത്രവും ഫ്‌ളക്‌സ് ബോർഡിൽ കാണാം. കൊച്ചിയിലാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
മമ്മൂട്ടിയും ജ്യോതികയും പ്രധാൻ താരങ്ങളാകുന്ന ഈ ചിത്രത്തിൽ ലാലു അലക്‌സ്, ചിന്നു ചാന്ദിനി, മുത്തുമണി, അനഘ അക്കു, സുധി കോഴിക്കോട്, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും അഭിനയിക്കുന്നു. ആദർശ് സുകുമാരൻ ആണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. സാലു കെ തോമസ് ഛായാഗ്രഹണവും ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. മാത്യൂസ് പുളിക്കൻ ആണ് സംഗീത സംവിധാനം.