ആസിഫ് അലി ചിത്രം ‘ടിക്കി ടാക്ക’യിൽ മമ്മൂട്ടിയും?

ആസിഫ് അലിയെ നായകനാക്കി രോഹിത് വി എസ് ഒരുക്കുന്ന ‘ടിക്കി ടാക്ക’ എന്ന മാസ്സ് ആക്ഷൻ ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തുമെന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ. ചിത്രത്തിന്റെ രചയിതാവായ നിയോഗ് കൃഷ്ണ, മമ്മൂട്ടിയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചതോടെയാണ് ഇങ്ങനെയൊരു റിപ്പോർട്ട് പ്രചരിക്കാൻ ആരംഭിച്ചത്. ചിത്രത്തിൽ ഒരു വമ്പൻ താരത്തിന്റെ അതിഥി വേഷം ഉണ്ടാകുമെന്നും അത് പൃഥ്വിരാജ് ആയിരിക്കുമെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു.
പൃഥ്വിരാജ് സുകുമാരന്‍ പകരം ആണോ ഇപ്പോൾ മമ്മൂട്ടിയെ എത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. അടുത്ത വർഷം പുറത്തു വരുന്ന “ചത്ത പച്ച” എന്ന ചിത്രത്തിൽ മമ്മൂട്ടി അതിഥി താരമായി എത്തുന്നുണ്ട്. ഇത് കൂടാതെ പൃഥ്വിരാജ് നായകനായ ഖലീഫയിലും മമ്മൂട്ടി അതിഥി വേഷത്തിലെത്തുമെന്ന് വാർത്തകൾ പ്രചരിച്ചുവെങ്കിലും അതിനൊന്നും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. ഉദയ കൃഷ്ണയുടെ തിരക്കഥയിൽ രഞ്ജിത് ഒരുക്കാൻ പോകുന്ന യുവതാര ചിത്രത്തിൽ മമ്മൂട്ടി തന്റെ ഒരു പഴയകാല മാസ്സ് കഥാപാത്രമായി അതിഥി വേഷം ചെയ്യുമെന്നും വാർത്തകളുണ്ട്.
ആസിഫിന് പുറമെ നസ്ലിൻ, ലുക്മാന് അവറാന് എന്നിവര്‍ പ്രധാന വേഷങ്ങൾ ചെയ്യുന്ന ‘ടിക്കി ടാക്ക’യിൽ വാമിക ഗബ്ബിയാണ് നായികയായി എത്തുന്നത്. ആസിഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ‘ടിക്കി ടാക്ക’ ഒരുങ്ങുന്നത്. ചിത്രത്തിന് വേണ്ടി മികച്ച ശാരീരിക പരിവർത്തനമാണ് ആസിഫ് അലി നടത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു.
രവി ബസ്രുർ സംഗീതമൊരുക്കുന്ന ചിത്രത്തിന്, സോണി സെബാൻ ക്യാമറയും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിക്കുന്നു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും രോഹിത്ത് വി.എസും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിൽ സഞ്ജന നടരാജ്, സംഗീത് പ്രതാപ്, ഹരിശ്രീ അശോകന് എന്നിവരും അഭിനയിക്കുന്നുണ്ട്. ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർക്കൊപ്പം വെൽമെയ്ഡ് പ്രൊഡക്ഷന്‍സും അഡ്വഞ്ചേഴ്സ് കമ്പനിയും ചേർന്നാണ് ‘ടിക്കി ടാക്ക’ അവതരിപ്പിക്കുന്നത്. നാവിസ് സേവിയർ ,റാം മിർ ചന്ദനി, രാജേഷ് മേനോൻ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.


