ഇനി ‘ഫാലിമി’ സംവിധായകനൊപ്പം മെഗാസ്റ്റാർ; നിതീഷ് സഹദേവ്- മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു?
ബേസിൽ ജോസഫ് നായകനായ ഫാലിമി എന്ന തന്റെ ആദ്യ ചിത്രത്തിന്റെ സൂപ്പർ വിജയത്തോടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് നിതീഷ് സഹദേവ്. ഏറ്റവും പുതിയ വാർത്തകൾ പ്രകാരം നിതീഷ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തും. ഇപ്പോൾ മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. മോഹൻലാലും നായകനായി എത്തുന്ന ഈ ചിത്രം പൂർത്തിയാക്കിയതിന് ശേഷം മമ്മൂട്ടി, നിതീഷ് സഹദേവ് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് പ്രതീക്ഷ.
മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രമായ ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സിന്റെ’ റിലീസിന് ശേഷം, ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കാമെന്നാണ് സൂചന. ആക്ഷൻ ത്രില്ലർ ആയിരിക്കും ഈ കൂട്ടുകെട്ടിലെത്തുന്ന ചിത്രമെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പറയുന്നത്. ഗൌതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ 2025 ജനുവരി 23ന് പുറത്തിറങ്ങും.
ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ഗെയിം ത്രില്ലറായ ബസൂക്ക 2025 ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ എത്തുന്നുണ്ട്. ഇവ കൂടാതെ, 2025 ഏപ്രിലിൽ പുറത്തിറങ്ങാനിരിക്കുന്ന ജിതിൻ കെ. ജോസിന്റെ പേരിടാത്ത ചിത്രത്തിൻ്റെ ചിത്രീകരണം താരം ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. ഈ വർഷം ആദ്യത്തെ നാല് മാസങ്ങളിൽ തന്നെ മൂന്ന് മമ്മൂട്ടി ചിത്രമാണ് പ്രേക്ഷകരുടെ മുന്നിലെത്തുക.
നിതിഷ് സഹദേവുമായുള്ള പുതിയ ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിനായി ഇപ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും. ഇത് കൂടാതെ ടിനു പാപ്പച്ചനൊപ്പം മമ്മൂട്ടി ഒന്നിക്കുന്ന ഒരു ചിത്രവും അണിയറയിൽ ഒരുങ്ങുകയാണെന്നാണ് സൂചന.