കയ്യടി നേടിയ ‘ഉണ്ട’ക്ക് ശേഷം മമ്മൂട്ടി – ഖാലിദ് റഹ്മാൻ ടീം വീണ്ടും?
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ഖാലിദ് റഹ്മാൻ ഒരുക്കിയ ചിത്രമാണ് ‘ഉണ്ട’. 2019 ൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയെടുത്തിരുന്നു. ഇപ്പോഴിതാ, ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് എന്ന വാർത്തകളാണ് വരുന്നത്. ഇവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകൾ ആരംഭിച്ചു എന്നും, ഖാലിദ് തന്റെ കരിയറിൽ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു ചിത്രമായിരിക്കും ഇതെന്നുമാണ് ആദ്യ സൂചനകൾ പറയുന്നത്.
ഇവരുടെ ആദ്യ ചിത്രമായ ഉണ്ടയിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. ഛത്തീസ്ഗഡിലെ മാവോയിസ്റ് മേഖലയിൽ തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പോലീസുകാരുടെ കഥ പറയുന്ന ഈ ചിത്രം വലിയ കയ്യടി നേടിയിരുന്നു. അനുരാഗ കരിക്കിൻ വെള്ളം എന്ന ആസിഫ് അലി- ബിജു മേനോൻ ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ഖാലിദ് റഹ്മാൻ, അതിന് ശേഷം ഉണ്ട, ലവ്, തല്ലുമാല എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. ടോവിനോ തോമസ് നായകനായ തല്ലുമാല ഖാലിദിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ്.
‘തല്ലുമാല’ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. സ്പോർട്സ് കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലെൻ, ഗണപതി, ലുക്മാൻ, അനഘ രവി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വർഷം ഏപ്രിൽ മാസത്തിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.
മമ്മൂട്ടി ചിത്രം കൂടാതെ പൃഥ്വിരാജ് നായകനായ ഒരു ചിത്രവും ഖാലിദ് പ്ലാൻ ചെയ്യുന്നുണ്ടെന്നും വാർത്തകൾ വരുന്നുണ്ട്. ഖാലിദുമായി ഒരു ചിത്രത്തിന്റെ ചർച്ചകളിലാണ് എന്ന് പൃഥ്വിരാജ് സുകുമാരനും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.