പഴശ്ശിരാജക്ക് ശേഷം മമ്മൂട്ടി – ഹരിഹരൻ ടീം വീണ്ടും ഒന്നിക്കുന്നു, ഒപ്പം മാമാങ്കം നിർമ്മാതാവും?
മലയാളത്തിലെ സൂപ്പർഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നാണ് മമ്മൂട്ടി – ഹരിഹരൻ ടീം. ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ പോലുള്ള ഗംഭീര ചരിത്ര ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചരിത്ര ചിത്രം നിർമ്മിച്ച വേണു കുന്നപ്പിള്ളി ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.
എം പദ്‌മകുമാർ സംവിധാനം ചെയ്ത മാമാങ്കം എന്ന ചിത്രത്തിന് ശേഷം, മമ്മൂട്ടിയുമായി വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ് വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനി എന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ പറയുന്നത്. മമ്മൂട്ടി ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പൂർത്തിയാക്കിയതിനു ശേഷം ഹരിഹരൻ ചിത്രം ആരംഭിക്കുമെന്നാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
നേരത്തെ എം ടിയുടെ രചനയിൽ പയ്യമ്പള്ളി ചന്തു എന്നൊരു ചിത്രം ഹരിഹരൻ- മമ്മൂട്ടി ടീം പ്ലാൻ ചെയ്തെങ്കിലും അത് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഇവർ ഒന്നിക്കുന്ന പുതിയ ചിത്രവും ഒരു ചരിത്ര സിനിമ ആയിരിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. മോഹൻലാൽ, മമ്മൂട്ടി എന്നിവർ നായകന്മാരായി എത്തുന്ന മഹേഷ് നാരായണൻ ചിത്രം അടുത്ത വർഷം പകുതിയോടെ മാത്രമേ പൂർത്തിയാവു എന്നാണ് റിപ്പോർട്ട്.
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ഇതിൽ നിർണ്ണായക വേഷങ്ങളിലുണ്ട്. മലയാളത്തിലെ നിലവിലെ ഇൻഡസ്ട്രി ഹിറ്റായ 2018 ഉൾപ്പെടെ നിർമ്മിച്ച കാവ്യാ ഫിലിം കമ്പനിയുടെ അടുത്ത റിലീസ് ആസിഫ് അലി നായകനായ ജോഫിൻ ടി ചാക്കോ ചിത്രം രേഖാചിത്രമാണ്. 2025 ജനുവരിയിൽ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.