in

ആക്ഷൻ കോമഡി ചിത്രത്തിൽ മമ്മൂട്ടി – ബിജു മേനോൻ ടീം ഒന്നിക്കുന്നു !

ആക്ഷൻ കോമഡി ചിത്രത്തിൽ മമ്മൂട്ടി – ബിജു മേനോൻ ടീം ഒന്നിക്കുന്നു !

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി – ബിജു മേനോൻ ടീം ഒരിക്കൽ കൂടി ഒന്നിക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ മലയാള സിനിമയിൽ നിന്ന് വരുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യാൻ പോകുന്ന ‘ഉണ്ട’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി – ബിജു മേനോൻ ടീം ഒരുമിച്ചെത്തുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇവർക്ക് പുറമെ സൗബിൻ ഷാഹിറും ഈ ചിത്രത്തിൽ വളരെ നിർണ്ണായകമായ ഒരു വേഷം ചെയ്യുമെന്നും സൂചനയുണ്ട്. ഈ വർഷം സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തോടെ ചിത്രീകരണം ആരംഭിക്കാൻ പാകത്തിന് പ്ലാൻ ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ധാർമിക് പ്രൊഡക്ഷൻസ് ആണ്.

ഒരു ആക്ഷൻ കോമഡി ചിത്രമായി ആയിരിക്കും ‘ഉണ്ട’ ഒരുങ്ങുന്നതെന്നും മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു പോലീസ് ഓഫീസർ ആയാവും എത്തുക എന്നും വിവരങ്ങൾ വരുന്നുണ്ട്. ഉണ്ട എന്ന് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര് മാറ്റും എന്ന് സൂചന ഉണ്ട്.

ഉത്തരേന്ത്യയിൽ ആയിരിക്കും ഈ ചിത്രത്തിൻറെ പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്യുക എന്നാണ് വിവരം. ഹർഷദ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ഷൈജു ഖാലിദ് ആണ് ക്യാമറ ചലിപ്പിക്കാൻ പോകുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രമൊരുക്കി രണ്ടു വർഷം മുൻപാണ് ഖാലിദ് റഹ്മാൻ മലയാളത്തിൽ അരങ്ങേറിയത്.

ആ ചിത്രത്തിലും ബിജു മേനോൻ അഭിനയിച്ചിരുന്നു. ഇപ്പോൾ തൻറെ രണ്ടാമത്തെ ചിത്രത്തിലും ബിജു മേനോനെ കൊണ്ട് വരാൻ ആണ് ഖാലിദ് ശ്രമിക്കുന്നത്. ബിജു മേനോൻ അവസാനമായി ഒരു മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചത് ഏഴു വർഷം മുൻപ് വെനീസിലെ വ്യാപാരി എന്ന ചിത്രത്തിലാണ്. ഇപ്പോൾ താൻ നായകനായി അഭിനയിക്കുന്ന ഒട്ടേറെ ചിത്രങ്ങളുടെ തിരക്കിലാണ് ബിജു മേനോൻ. സുരേഷ് ദിവാകറിൻറെ ആനകള്ളനിൽ അഭിനയിക്കാൻ പോകുന്ന ബിജു മേനോൻ നാദിർഷായുടെ അടുത്ത ചിത്രത്തിലും നായകൻ ആവുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാരിൽ കുഞ്ഞാലി മരക്കാർ ഒന്നാമനായി എത്തുന്നത് മധു

സണ്ണി വെയ്ൻ നിർമ്മിക്കുന്ന നാടകത്തിൻറെ ട്രെയിലർ ദുൽഖർ സൽമാൻ പുറത്തിറക്കി