പ്രണയ നായകനായി ദുൽഖർ വീണ്ടും; ‘ലക്കി ഭാസ്കർ’ ആദ്യ ഗാനത്തിന്റെ പ്രോമോ വീഡിയോ എത്തി…
മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ഇപ്പോഴതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്. സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ഈ ചിത്രം വരുന്ന സെപ്റ്റംബർ 27- നാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക.
നേരത്തെ റിലീസ് ചെയ്ത ഇതിന്റെ പോസ്റ്റർ, ടീസർ എന്നിവയൊക്കെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ഇതിലെ ആദ്യ ഗാനത്തിന്റെ പ്രോമോ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത്.
തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. ‘മിണ്ടാതെ മിണ്ടാതെ..’ എന്ന വരികളോടെ തുടങ്ങുന്ന ഇതിലെ ആദ്യ ഗാനം ആലപിച്ചിരിക്കുന്നത് യാസിൻ നിസാർ, ശ്വേതാ മോഹൻ എന്നിവരാണ്. വൈശാഖ് സുഗുണനാണ് ഈ ഗാനത്തിന്റെ മലയാളം വേർഷൻ രചിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ, ഒരു പ്രണയ ഗാനത്തിന്റെ പ്രൊമോഷൻ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ ഗാനം പൂർണ്ണമായി വരുന്ന ബുധനാഴ്ച റിലീസ് ചെയ്യും.
ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 1990-കളിൽ നടക്കുന്ന ഒരു ബാങ്ക് കൊളളയും അതേ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് അവതരിപ്പിക്കുന്നതെന്നാണ് സൂചന. നിമിഷ് രവി കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് നവിൻ നൂലിയാണ്.