കുടുംബത്തോടൊപ്പം ആസ്വദിക്കാൻ ഒരു ത്രീഡി ചിത്രം: ‘ലൗലി’ റിവ്യൂ

വീണ്ടും ത്രീഡിയിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ട് ഒരു മലയാള ചിത്രം കൂടി എത്തിയിരിക്കുകയാണ്. യുവതാരം മാത്യു തോമസ് നായകനായി എത്തിയ “ലൗലി” ആണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയ മലയാള ചിത്രങ്ങളിലൊന്ന്. പ്രശസ്ത രചയിതാവും സംവിധായകനുമായ ദിലീഷ് കരുണാകരൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആനിമേറ്റഡ് ആയ ഒരു ഈച്ചയുടെ കഥാപാത്രമാണ് ചിത്രത്തിന്റെ ടൈറ്റിൽ റോളിൽ എത്തുന്നതെന്നതാണ്. നേനി എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റൻഘട്സ് പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ഡോക്ടർ അമർ രാമചന്ദ്രൻ ശരണ്യ ദിലീഷ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഒരു ഫാന്റസി ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്.
മാത്യു തോമസ് അവതരിപ്പിക്കുന്ന ബോണി ചെറുപ്പക്കാരൻ ഒരു ഈച്ചയുമായി ചങ്ങാത്തത്തിൽ ആവുന്നതാണ് ഈ കഥയുടെ ഇതിവൃത്തം. കാനഡയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ബോണി എന്ന ചെറുപ്പക്കാരൻ, തനിക്ക് ഇഷ്ടമില്ലാഞ്ഞിട്ട് കൂടി, ജോലിയിൽ ഇരിക്കുമ്പോൾ അച്ഛൻ മരിച്ച ഒഴിവിൽ ഒരു സര്ക്കാര് ഓഫീസിൽ ജോലിയിൽ പ്രവേശിക്കുന്നു. എന്നാല് ജോലിയിൽ പ്രവേശിച്ച് വെറും ദിവസങ്ങൾക്കുള്ളിൽ ഒരു കേസിൽ പെടുന്ന ബോണിയെ 14 ദിവസത്തേക്ക് ജയിലിൽ അടക്കുന്നു. അവിടെ വെച്ച് തീർത്തും അപ്രതീക്ഷിതമായി ആണ് ലൗലി എന്ന് പേരുള്ള സംസാരിക്കുന്ന ഒരു ഈച്ച ബോണിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നതും അവർ സുഹൃത്തുക്കൾ ആവുന്നതും. ബോണി ജയിലിൽ നിന്ന് ഇറങ്ങിയതിന് ശേഷവും ഈ സൗഹൃദം തുടരുകയും, ശേഷം അവൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.
അതീവ രസകരമായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഫാന്റസി ഘടകങ്ങൾ കോർത്തിണക്കി കഥ പറയുമ്പോൾ തന്നെയും ത്രീഡി മാജിക് പ്രേക്ഷകർക്ക് അനുഭവേദ്യമാക്കുന്നതിനൊപ്പം ഒരു പക്കാ ഫാമിലി എന്റർടൈനറായും ചിത്രം നിലനിൽക്കുന്നുണ്ട് എന്നതാണ് ലൗലിയുടെ വിജയം. വളരെ വിശ്വസനീയമായ രീതിയിലാണ് ഇതിലെ കഥാസന്ദർഭങ്ങളും കഥാപാത്ര നിർമ്മിതിയും ദിലീഷ് കരുണാകരൻ നടത്തിയിരിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങൾക്കൊപ്പം തന്നെ വൈകാരികമായി പ്രേക്ഷകരുടെ മനസ്സുകളെ തൊടാനും, ഹാസ്യവും ഡ്രാമയും കൊണ്ട് അവരെ ആദ്യാവസാനം പിടിച്ചിരുത്താനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ബോണി – ലൗലി കഥക്ക് സമാന്തരമായി സഞ്ചരിക്കുന്ന പ്രശാന്ത് മുരളി, അശ്വതി എന്നിവർ അവതരിപ്പിക്കുന്ന ഷൈൻ, ഗ്രേസ് എന്നീ കഥാപാത്രങ്ങളുടെ ലൗ സ്റ്റോറിയും രസകരമായിരുന്നു.
ത്രീഡി ചിത്രങ്ങൾ പലപ്പോഴും പരാജയപെട്ടു പോകുന്നത് അതിന്റെ ശ്രദ്ധ മുഴുവൻ ദൃശ്യ മികവിലേക്കു മാത്രമായി പോകുമ്പോഴാണ്. എന്നാൽ ലൗലിയിലേക്ക് വരുമ്പോൾ ദൃശ്യങ്ങൾക്കൊപ്പം തന്നെ കഥയുടെ പുതുമ കൊണ്ടും അതിന്റെ അവതരണം കൊണ്ടും ചിത്രം പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. സാങ്കേതിക മികവിനൊപ്പം തന്നെ തിരക്കഥയിലും അതിന്റെ പാക്കേജിംഗിലും കാണിച്ച മികവാണ് ഈ ചിത്രത്തെ വേറിട്ട് നിർത്തുന്നത്. കൃത്യമായ അളവിൽ വിനോദ ഘടകങ്ങൾ കൂട്ടിണിയിണക്കി രസച്ചരട് പൊട്ടാതെ കഥ പറയാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഈച്ചയും മനുഷ്യരുമായി ഉള്ള ബന്ധം കാണിക്കുന്ന രംഗങ്ങളും അതിലൂടെ കൊണ്ട് വരുന്ന വൈകാരികതയും വളരെ മനോഹരമായാണ് ദിലീഷ് അവതരിപ്പിച്ചിരിക്കുന്നത്.
മാത്യു തോമസ് തന്റെ കഥാപാത്രം മികച്ച രീതിയിൽ തന്നെ ചെയ്ത് ഫലിപ്പിച്ചപ്പോൾ, പ്രേക്ഷകരുടെ കയ്യടി നേടിയത് ലൗലി എന്ന ആനിമേറ്റഡ് ഈച്ച കഥാപാത്രമാണ്. പിന്നണി ഗായികയും നടിയുമായ ശിവാംഗി കൃഷ്ണകുമാർ ആണ് ‘ലൗലി’ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത്. അത് വളരെ മികച്ച രീതിയിൽ തന്നെ ശിവാംഗി നിർവഹിച്ചിട്ടുമുണ്ട്. ഇവർക്കൊപ്പം അശ്വതി മനോഹരൻ, ഉണ്ണിമായ, മനോജ് കെ. ജയൻ, ബാബുരാജ്, ഡോക്ടർ അമർ രാമചന്ദ്രൻ, അരുൺ, ആഷ്‌ലി, പ്രശാന്ത് മുരളി, ഗംഗ മീര, കെ.പി.എ.സി. ലീല എന്നിവരും പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നു. മനോജ് കെ ജയൻ, ബാബുരാജ് എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.
വിഷ്ണു വിജയ്, ബിജിപാൽ എന്നിവർ ഒരുക്കിയ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിന്റെ മൂഡിനോട് ചേർന്ന് നിൽക്കുന്ന ഗാനങ്ങളും പശ്‌ചാത്തല സംഗീതവും പ്രേക്ഷകരെ കൂടുതൽ കഥാപാശ്‌ചാത്തലത്തോടും കഥാപാത്രങ്ങളോടും അടുപ്പിച്ചിട്ടുണ്ട്. സംവിധായകനായ ആഷിക് അബുവാണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്. അദ്ദേഹത്തിന്റെ പ്രതിഭയുടെ മറ്റൊരു വശമാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്. അതിമനോഹരമായാണ് ഓരോ ഫ്രയിമും അദ്ദേഹം നൽകിയിരിക്കുന്നത്. കിരൺ ദാസിന്റെ എഡിറ്റിംഗും മികച്ചു നിന്നു. രണ്ടു മണിക്കൂറോളം മാത്രം ദൈർഘ്യമുള്ള ചിത്രം മികച്ച വേഗതയിലാണ് തുടക്കം മുതൽ സഞ്ചരിക്കുന്നത്. വളരെ സുഗമമായ ഒരു താളം ചിത്രത്തിന് നല്കാൻ കിരൺ ദാസിന് സാധിച്ചിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ പ്രേക്ഷകർക്ക് അതിമനോഹരമായ ഒരു തീയേറ്റർ അനുഭവം പകർന്നു നൽകുന്ന ചിത്രമാണ് ലൗലി. ത്രീഡിയുടെ കാഴ്ചാനുഭവം നല്കുന്നതിനൊപ്പം തന്നെ പുതുമയേറിയ ഒരു കഥയും രസകരമായ കുറച്ചു കഥാപാത്രങ്ങളും ഇതിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു പക്കാ വെക്കേഷൻ ഫാമിലി എന്റെർറ്റൈനെർ ആണ് ലൗലി.