ചിറകുവെച്ച് പറന്ന് മാത്യു തോമസ്, ഒപ്പം നായികയായ ഈച്ചയും; ‘ലൗലി’യിലെ രണ്ടാം ഗാനം ‘ബബിൾ പൂമൊട്ടുകൾ’ പുറത്ത്

ഈ വേനലവധിക്കാലത്ത് ത്രീഡി ദൃശ്യവിരുന്നൊരുക്കാൻ മാത്യു തോമസ് നായകനാകുന്ന ‘ലൗലി’ ഏപ്രിൽ നാലിന് തിയേറ്ററുകളിലെത്തുകയാണ്. ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം അണിയറപ്രവർത്തകർ പുറത്തിറക്കി. ‘ബബിൾ പൂമൊട്ടുകൾ’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. കപിൽ കപിലനും വിഷ്ണു വിജയ്യും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സുഹൈൽ കോയ ആണ് വരികൾ രചിച്ചത്. ലിറ്റിൽ ഹിപ്പോ സ്റ്റുഡിയോ മനോഹരമായ ആനിമേഷൻ നൽകിയിരിക്കുന്നു.
ആദ്യ ഗാനത്തിൽ മാത്യു തോമസും സുഹൃത്തുക്കളുമായിരുന്നു പ്രത്യക്ഷപ്പെട്ടതെങ്കിൽ, ഈ ഗാനത്തിൽ മാത്യു തോമസും ആനിമേറ്റഡ് ഈച്ചയുമാണ് നിറഞ്ഞ് നിൽക്കുന്നത്. ഒരുപാട് ഫാന്റസി രംഗങ്ങൾ ഈ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈച്ചയെപ്പോലെ ചിറകുകൾ വെച്ച് പറക്കുന്ന മാത്യു തോമസിനെ ഗാനത്തിൽ കാണാം. തേനറകളിലേക്ക് പറന്നിറങ്ങുന്നതും മറ്റു പല സാഹസിക രംഗങ്ങളും ഈ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഗാനം ഒരു ദൃശ്യവിരുന്നാണ് സമ്മാനിക്കുന്നത്. വീഡിയോ സോങ് കാണാം:
നേരത്തെ പുറത്തിറങ്ങിയ ‘ക്രേസിനെസ്സ്’ എന്ന ആദ്യ ഗാനം കെ.എസ്. ഹരിശങ്കറാണ് ആലപിച്ചത്. സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയ് തന്നെയാണ് സംഗീതം നൽകിയത്. ഒരു ആനിമേറ്റഡ് ഈച്ചയാണ് ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം. ഈച്ചയും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ‘ലൗലി’ ഒരു ഫാന്റസി കോമഡി ഡ്രാമ ത്രീഡി ചിത്രമാണ്. ഈച്ചയും മാത്യു തോമസ് അവതരിപ്പിക്കുന്ന നായകനും തമ്മിലുള്ള രസകരമായ ബന്ധം കാണിക്കുന്ന ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
ഹോളിവുഡ് ആനിമേറ്റഡ് ചിത്രങ്ങളിലെ പോലെ ഇൻഡസ്ട്രിയിലെ ഒരു പ്രമുഖ താരം തന്നെയാണ് ഈച്ച കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത്. ‘ടമാർ പഠാർ’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. വെസ്റ്റേൺ ഗട്ട്‌സ് പ്രൊഡക്ഷൻസിന്റെയും നേനി എന്റർടെയ്ൻമെന്റ്‌സിന്റെയും ബാനറിൽ ശരണ്യ സി. നായരും ഡോ. അമർ രാമചന്ദ്രനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മനോജ് കെ. ജയൻ, കെ.പി.എ.സി. ലീല, ഉണ്ണിമായ പ്രസാദ്, അശ്വതി രാമചന്ദ്രൻ, പ്രശാന്ത് മുരളി, ബാബുരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ആഷിഖ് അബുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കിരൺ ദാസാണ് എഡിറ്റിംഗ്.