in

ചാത്തനും ഒടിയനും വരുന്നു; ‘ലോക’യിലെ ദുൽഖറിന്റെയും ടൊവിനോയുടെയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

ചാത്തനും ഒടിയനും വരുന്നു; ‘ലോക’യിലെ ദുൽഖറിന്റെയും ടൊവിനോയുടെയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

ദുൽഖർ സൽമാന്റെ നിർമ്മാണക്കമ്പനിയായ വേഫെറർ ഫിലിംസിന്റെ ബാനറിൽ പുറത്തിറങ്ങിയ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ബോക്സ് ഓഫീസിൽ ചരിത്രനേട്ടങ്ങൾ കൊയ്യുമ്പോൾ, സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ആവേശം വാനോളമുയർത്തുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ അതിഥി താരങ്ങളായ ദുൽഖർ സൽമാന്റെയും ടൊവിനോ തോമസിന്റെയും ഗംഭീര ക്യാരക്ടർ പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

‘മൈക്കിൾ’ എന്ന ചാത്തനായി ടൊവിനോ എത്തുമ്പോൾ, ‘ചാർളി’ എന്ന ഒടിയനായാണ് ദുൽഖറിന്റെ കഥാപാത്രത്തെ പോസ്റ്ററിൽ പരിചയപ്പെടുത്തുന്നത്. ചിത്രത്തിന്റെ വിജയക്കുതിപ്പിനിടെ അപ്രതീക്ഷിതമായി എത്തിയ ഈ പോസ്റ്ററുകൾ ‘ലോക’ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. സിനിമയുടെ തുടർന്നുവരുന്ന ഭാഗങ്ങളിൽ ഈ കഥാപാത്രങ്ങൾക്കുള്ള പ്രാധാന്യം എത്രത്തോളമായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.

View this post on Instagram

A post shared by Wayfarer Films (@dqswayfarerfilms)

അതേസമയം, റിലീസ് ചെയ്ത് വെറും 13 ദിവസങ്ങൾക്കുള്ളിലാണ് ‘ലോക’ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 200 കോടി രൂപ കളക്ഷൻ നേടിയത്. ഇതോടെ മലയാളത്തിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ചിത്രമായി ‘ലോക’ മാറി. ആദ്യ ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തിയ ചിത്രം, ഒരു നായികാകേന്ദ്രീകൃത സിനിമയ്ക്ക് തെന്നിന്ത്യയിൽ ലഭിക്കുന്ന ഏറ്റവും വലിയ വിജയമെന്ന റെക്കോർഡും സ്വന്തമാക്കി മുന്നേറുകയാണ്.

ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിച്ച ഈ ഫാന്റസി ത്രില്ലറിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഞ്ച് ഭാഗങ്ങളിലായി ഒരുങ്ങുന്ന ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കള്ളിയങ്കാട്ട് നീലി എന്ന ഐതിഹ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ലോക’ യൂണിവേഴ്സിലെ അടുത്ത പ്രധാന കഥാപാത്രമായ ‘മൂത്തോൻ’ ആയി മെഗാസ്റ്റാർ മമ്മൂട്ടി എത്തുമെന്ന പ്രഖ്യാപനം നേരത്തെ തന്നെ വലിയ വാർത്തയായിരുന്നു. കേരളത്തിന് പുറത്തും മികച്ച പ്രതികരണം നേടുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലും വിജയകരമായി പ്രദർശനം തുടരുകയാണ്.

 ‘വെൽകം ടു ലെനാർക്കോ’; വിനീത് ശ്രീനിവാസന്റെ ആക്ഷൻ ത്രില്ലർ ‘കര’ത്തിലെ ആദ്യ വീഡിയോ ഗാനം ശ്രദ്ധനേടുന്നു

ആകാംക്ഷയും ആക്ഷനും നിറച്ച് ധ്യാൻ-ലുക്മാൻ ടീമിന്റെ ‘വള’; ട്രെയിലർ ശ്രദ്ധ നേടുന്നു