ബിഗ് സ്ക്രീനിൻ്റെ സർവാധിപനായി മോഹൻലാൽ, ആഗോളനിലവാരത്തോടെ മലയാളത്തിൻ്റെ എമ്പുരാൻ; റിവ്യൂ വായിക്കാം…

വലിയ വിജയം നേടിയ, ആഴമേറിയ കഥകളുള്ള സിനിമകളുടെ രണ്ടാം ഭാഗങ്ങൾ എപ്പോഴും പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കാറുണ്ട്. മികച്ച കഥാപാത്രങ്ങളും പ്രമേയങ്ങളുമുള്ള അത്തരം സിനിമകളെ മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ, മലയാള സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ മോഹൻലാൽ ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസും ശ്രീ ഗോകുലം മൂവീസും ചേർന്നാണ്. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ്, മഞ്ജു വാര്യർ, അഭിമന്യു സിംഗ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം, വലിയ ഹൈപ്പോടെ മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രമെന്ന വിശേഷണത്തോടെയാണ് എത്തിയത്. റിലീസിന് മുൻപേ മലയാള സിനിമയിലെ എല്ലാ ഓപ്പണിംഗ് റെക്കോർഡുകളും മൂന്നിരട്ടി മാർജിനിൽ തകർത്ത ഈ സിനിമ, ആ പ്രതീക്ഷകളോട് പൂർണ്ണമായും നീതി പുലർത്തിയിട്ടുണ്ട്.
ലൂസിഫർ എന്ന ചിത്രത്തിൽ നമ്മളെ പരിചയപ്പെടുത്തിയ കഥാപശ്‌ചാത്തലത്തിലൂടെ തന്നെയാണ് എമ്പുരാനും സഞ്ചരിക്കുന്നത്. സ്റ്റീഫൻ അഥവാ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ ജീവിതവും അയാൾക്കും ചുറ്റും നടക്കുന്ന കാര്യങ്ങളും ഫോക്കസ് ചെയ്യുന്നതിനൊപ്പം തന്നെ സയ്ദ് മസൂദ് എന്ന പൃഥ്വിരാജ് കഥാപാത്രത്തിന്റെ കഥയും കേരളാ രാഷ്ട്രീയവും അതിൽ ജതിൻ, പ്രിയദർശിനി എന്നിവർ എന്ത് ചെയ്യുന്നുവെന്നും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഇതിനെല്ലാമൊപ്പം ഖുറേഷി അബ്രാമിന്റെ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന പ്രശ്നങ്ങളും ചിത്രത്തിന്റെ ഇതിവൃത്തത്തിന്റെ ഭാഗമാണ്.
മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും വലിയ ചിത്രവുമായി തന്നെയാണ് പൃഥ്വിരാജ് സുകുമാരൻ എന്ന സംവിധായകൻ ഇത്തവണ എത്തിയിരിക്കുന്നത്. ലൂസിഫർ എന്ന ചിത്രത്തിലൂടെ തന്നെ ഈ സംവിധായകൻ നമ്മുക്ക് കാണിച്ചു തന്നത് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കാനുള്ള തന്റെ കഴിവ് ആണ്. ഏറ്റവും മികവോടെയും അതോടൊപ്പം വളരെ മനോഹരവുമായാണ് ഈ സംവിധായകൻ എമ്പുരാനും നമ്മുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. സാങ്കേതിക തികവ് കൊണ്ടും അവതരണ മികവ് കൊണ്ടും പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന എമ്പുരാൻ മലയാള സിനിമയുടെ മുന്നോട്ടുള്ള വളർച്ചയിൽ നിർണ്ണായകമാവും എന്നുറപ്പാണ്. മുരളി ഗോപി ഒരുക്കിയ അതിശക്തമായ ഒരു തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല് .ആ തിരക്കഥ വൈകാരിക തീവ്രത കൊണ്ടും കഥയുടെ ആഴം കൊണ്ടും വ്യത്യസ്തമായ കഥാപാത്ര രൂപീകരണം കൊണ്ടും ഗംഭീരമായി തന്നെ വന്നിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരൻ അതിന് അത്ഭുതപ്പെടുത്തുന്ന മികവോടെയുള്ള ദൃശ്യാവിഷ്കാരമാണ് നൽകിയത്. എല്ലാ കഥാപാത്രങ്ങൾക്കും കഥയിൽ വ്യക്‌തമായ പ്രാധാന്യം നൽകിയത് ചിത്രത്തെ കൂടുതൽ മികച്ചതാക്കി എന്ന് എടുത്തു പറയണം. വിനോദ ഘടകങ്ങൾ സമർഥമായി കോർത്തിണക്കാനും സങ്കീർണ്ണമായ കഥാ സന്ദർഭങ്ങൾ പ്രേക്ഷകനെ ആവേശം കൊള്ളിക്കും വിധം അവതരിപ്പിക്കുവാനും പൃഥ്വിരാജ് കാണിച്ച മിടുക്ക് അഭിനന്ദനം അർഹിക്കുന്നു. കിടിലൻ സംഭാഷണങ്ങളും സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടി. വളരെ സ്റ്റൈലിഷ് ആയാണ് ചിത്രത്തിന്റെ മേക്കിങ് എന്നതും പ്രത്യേകം പറയേണ്ടതാണ് . എല്ലാത്തരം പ്രേക്ഷകരേയും ത്രസിപ്പിക്കുന്ന രീതിയിൽ ആക്ഷനും പഞ്ച് ഡയലോഗുകളും മാസ്സ് രംഗങ്ങളും പൃഥ്വിരാജ് കോർത്തിണക്കിയാണ് അത്ഭുതകരമായ രീതിയിലാണ്.
മോഹൻലാൽ നൽകിയ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവുകളിൽ ഒന്നായി മാറിയത്. സ്റ്റീഫൻ, അബ്രാം എന്നീ രണ്ടു വ്യക്തിത്വങ്ങളിൽ മോഹൻലാൽ അക്ഷരാർത്ഥത്തിൽ നിറഞ്ഞാടി. മലയാള സിനിമയിൽ ഒരു നായകൻ നടത്തിയിട്ടുള്ള എക്കാലത്തെയും ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് മോഹൻലാൽ ഇതിൽ കാഴ്ച വെച്ചത്. പ്രകടന മികവിലൂടെ മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ട് പകർന്നു നൽകിയ തീവ്രത തന്നെയാണ് ഈ ചിത്രത്തെ മികവിന്റെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നത് എന്ന് എടുത്തു പറയണം. സയ്ദ് മസൂദ് ആയി പൃഥ്വിരാജ് നടത്തിയ പ്രകടനവും അതിഗംഭീരമായിരുന്നു. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളിൽ ഒന്ന് എന്ന് ധൈര്യമായി പറയാവുന്ന പെർഫോമൻസ് ആണ് എമ്പുരാനിലേത്. ജതിൻ രാംദാസ് എന്ന കഥാപാത്രമായി ടോവിനോ തോമസ് മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ പ്രിയദർശിനി ആയി മഞ്ജു വാര്യരും പ്രകടന മികവ് കൊണ്ട് വിസ്മയിപ്പിച്ചു. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച അഭിമന്യു സിങ്ങും എറിക് എബണിയും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തു എന്ന് സംശയമില്ലാതെ പറയാം . മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരും തങ്ങളുടെ ഭാഗങ്ങൾ മനോഹരമാക്കിയിട്ടുണ്ട്.
സുജിത് വാസുദേവ് എന്ന ക്യാമറാമാൻ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തെ ഉയർത്തിയത് സാങ്കേതിക മികവിന്റെ മറ്റൊരു തലത്തിലേക്കാണ് . ലോക നിലവാരമുള്ള ദൃശ്യങ്ങളാണ് അദ്ദേഹം ഈ ചിത്രത്തിനായി ഒരുക്കിയത് അതുപോലെ ദീപക് ദേവ് ഒരിക്കൽ കൂടി മികച്ച പശ്ചാത്തല സംഗീതത്തിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ചപ്പോൾ, അദ്ദേഹം തന്നെ ഈണം പകർന്ന ഗാനങ്ങളും മനോഹരമായിരുന്നു. അഖിലേഷ് മോഹൻ ഒരു എഡിറ്റർ എന്ന നിലയിൽ കാണിച്ച മികവാണ് ഈ ചിത്രത്തിന് മികച്ച വേഗത പ്രദാനം ചെയ്തത്. സ്റ്റണ്ട് സിൽവയുടെ ആക്ഷൻ, മോഹൻദാസിന്റെ കലാസംവിധാനം എന്നിവയും വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്.
എമ്പുരാൻ പൂർണ്ണമായ അർത്ഥത്തിൽ ഒരിക്കലൂം നഷ്ട്ടപെടുത്തരുതാത്ത ഒരു മികച്ച ചലച്ചിത്രാനുഭവം ആണ് . എല്ലാ അർഥത്തിലും വിനോദ ചിത്രങ്ങൾക്കിടയിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാനാകുന്ന ഒരു ചലച്ചിത്രമാണ് ഈ മോഹൻലാൽ ചിത്രം. മലയാള സിനിമയിലെ ഒരു പുതിയ നാഴികക്കല്ല് എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം.