in

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കുബേരയെ കേരളത്തിലെത്തിക്കും; റിലീസ് ജൂൺ 20ന്

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കുബേരയെ കേരളത്തിലെത്തിക്കും; റിലീസ് ജൂൺ 20ന്

ധനുഷ് ചിത്രം ‘കുബേര’ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്. ദേശീയ അവാർഡ് ജേതാവും പ്രശസ്ത സംവിധായകനുമായ ശേഖർ കമ്മൂല അണിയിച്ചൊരുക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ജൂൺ 20-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. കേരളത്തിൽ വേഫെറർ ഫിലിംസ് വമ്പൻ റിലീസ് സാധ്യതകളാണ് “കുബേര”ക്ക് ഒരുക്കുന്നത്.

ധനുഷിനൊപ്പം തെലുങ്ക് സൂപ്പർ താരം നാഗാർജുനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായിക. ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളിൽ സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്നാണ് കുബേര നിർമ്മിച്ചിരിക്കുന്നത്. സോണാലി നാരംഗ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വമ്പൻ മുതൽമുടക്കിൽ ഒരുക്കിയിട്ടുള്ള ഈ ചിത്രം, ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ട് തീവ്രമായ രീതിയിൽ കഥ പറയുന്ന ഒരു ഡ്രാമ ത്രില്ലറാകുമെന്നാണ് ടീസർ നൽകുന്ന സൂചന. പ്രശസ്ത നടന്മാരായ ജിം സർഭ്, ദലിപ് താഹിൽ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി “കുബേര” പ്രേക്ഷകരിലേക്ക് എത്തും.

നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് ആർ ആണ്. ദേവിശ്രീ പ്രസാദ് സംഗീതവും, തൊട്ട ധരണി പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചിരിക്കുന്നു. പിആർഒ ശബരി.

‘ആട് 3’ ക്ക് വേണ്ടി കൈകോർത്ത് കാവ്യാ ഫിലിം കമ്പനിയും ഫ്രൈഡേ ഫിലിം ഹൗസും; ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ഫാന്റസി ചിത്രം

സുരേഷ് ഗോപി ചിത്രം ‘ജെ.എസ്.കെ’യുടെ ഓഡിയോ ലോഞ്ച് നാളെ കൊച്ചിയിൽ; 1 മില്യൺ കാഴ്ചക്കാരെ നേടി തീം സോങ് മുന്നേറുന്നു