in

‘കാട്ടാളൻ’ വരുന്നു, കാന്താരയുടെ സംഗീതവുമായി; അജനീഷ് ലോക്നാഥ് മലയാളത്തിലേക്ക്

‘കാട്ടാളൻ’ വരുന്നു, കാന്താരയുടെ സംഗീതവുമായി; അജനീഷ് ലോക്നാഥ് മലയാളത്തിലേക്ക്

കന്നഡ സിനിമയിലെ ബ്രഹ്മാണ്ഡ ഹിറ്റായ ‘കാന്താര’യിലൂടെ ആഗോള ശ്രദ്ധ നേടിയ സംഗീത സംവിധായകൻ ബി. അജനീഷ് ലോക്നാഥ് മലയാളത്തിലേക്ക് എത്തുന്നു. ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ പുതിയ ചിത്രമായ ‘കാട്ടാളനി’ലൂടെയാണ് അജനീഷിൻ്റെ മലയാള അരങ്ങേറ്റം. ‘കെജിഎഫ്’ സംഗീത സംവിധായകൻ രവി ബസ്രൂരിനെ ‘മാർക്കോ’യിലൂടെ മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച ഷെരീഫ് മുഹമ്മദും ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സും വീണ്ടും ഒരു മികച്ച സംരംഭത്തിന് ഒരുങ്ങുകയാണ്. ‘കാട്ടാളൻ്റെ വേട്ടയ്‌ക്കൊപ്പം അജനീഷ് ലോക്നാഥും ഉണ്ടാകും’ എന്ന് സൂചിപ്പിക്കുന്ന പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

‘മാർക്കോ’ എന്ന സൂപ്പർഹിറ്റിന് ശേഷം ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആൻ്റണി വർഗീസ് പെപ്പെയാണ് നായകൻ. ഒട്ടേറെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ സംഘർഷം സൂചിപ്പിക്കുന്ന ചിത്രത്തിൻ്റെ പോസ്റ്റർ ഇതിനോടകം വലിയ ചർച്ചയായിരുന്നു. പാൻ ഇന്ത്യൻ തലത്തിലുള്ള ആക്ഷൻ ത്രില്ലർ മാസ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ കൂടി ചേരുമ്പോൾ പ്രേക്ഷകരുടെ ആകാംഷ വർധിക്കുകയാണ്.

2009-ൽ ‘ശിശിര’ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് വന്ന അജനീഷ്, ‘അകിര’, ‘കിരിക് പാർട്ടി’, ‘ബെൽബോട്ടം’, ‘അവനെ ശ്രീമൻ നാരായണ’, ‘ദിയ’, ‘വിക്രാന്ത് റോണ’, ‘കാന്താര’, ‘ഗന്ധാഡ ഗുഡി’, ‘കൈവ’, ‘യുവ’, ‘ബഗീര’ തുടങ്ങിയ കന്നഡ ചിത്രങ്ങളിലും ‘കുരങ്ങു ബൊമ്മൈ’, ‘റിച്ചി’, ‘നിമിർ’, ‘മഹാരാജ’ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ഏതാനും തെലുങ്ക് സിനിമകളിലും ശ്രദ്ധേയമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടും തരംഗമായ ‘കാന്താര’യിലെ സംഗീതം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. റിലീസിനൊരുങ്ങുന്ന ‘കാന്താര ചാപ്റ്റർ 2’ വിനും സംഗീതമൊരുക്കുന്നത് അജനീഷ് തന്നെയാണ്. ‘കാന്താര ചാപ്റ്റർ 2’ വിന് ശേഷം അജനീഷ് സംഗീതം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ‘കാട്ടാളനു’ണ്ട്.

നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പെപ്പെ തൻ്റെ യഥാർത്ഥ പേരായ “ആൻ്റണി വർഗ്ഗീസ്” എന്ന പേരിൽ തന്നെയാണ് എത്തുന്നത് എന്ന പ്രത്യേകത മുൻ പോസ്റ്ററുകളിൽ പങ്കുവെച്ചിരുന്നു. മലയാള സിനിമയിലേക്ക് മികച്ച കലാകാരന്മാരെ അവതരിപ്പിക്കുക മാത്രമല്ല, മറ്റ് ഭാഷാ ചിത്രങ്ങൾക്ക് സമാനമായ സാങ്കേതിക മികവും ഉന്നത നിലവാരമുള്ള നിർമ്മാണവും ഉറപ്പാക്കി മലയാള സിനിമയെ പുതിയ തലങ്ങളിലേക്ക് ഉയർത്താനുള്ള ശ്രമത്തിലാണ് ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സ്. ‘മാർക്കോ’യുടെ വിജയത്തിന് ശേഷം, അതിനേക്കാൾ വലിയ നേട്ടങ്ങൾ കൊയ്യാനാണ് അവർ ഒരുങ്ങുന്നത്. മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നും പ്രഗത്ഭരായ സാങ്കേതിക വിദഗ്ധർ ഈ ചിത്രത്തിനായി അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൻ്റെ അടുത്ത അപ്ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.

ഇന്ദ്രജിത്തും അനശ്വരയും ഒന്നിക്കുന്ന ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ’ തിയേറ്ററുകളിൽ

വമ്പൻ പ്രകടത്തിന് ഒരുങ്ങി ധനുഷ്, ഒപ്പം തിളങ്ങാൻ നാഗാർജുനയും; ‘കുബേര’ മലയാളം ടീസർ പുറത്ത്