മോഹൻലാൽ – തരുൺ മൂർത്തി ചിത്രം ‘തുടരും’; കണ്മണിപ്പൂവേ ഗാനം പ്രോമോ വീഡിയോ പുറത്ത്

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന “തുടരും” എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ പ്രോമോ വീഡിയോ പുറത്ത്. കണ്മണി പൂവേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം ഫെബ്രുവരി 21 നു രാത്രി ഏഴു മണിക്ക് റിലീസ് ചെയ്യും. മോഹൻലാൽ, ഗായകൻ എം ജി ശ്രീകുമാർ, സംഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നിവർ ഉൾപ്പെടുന്ന ഒരു വീഡിയോ വഴിയാണ് ഈ ഗാനത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.
സോണി മ്യൂസിക് സൗത്ത് ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. അവരുടെ ചാനലിലൂടെയാണ് ഈ പ്രോമോ ഗാനവും ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഹരിനാരായണൻ ബി കെയാണ് ഈ ഗാനത്തിന് വരികൾ രചിച്ചത്. മോഹൻലാൽ, ശോഭന എന്നിവരുൾപ്പെടുന്ന ദൃശ്യങ്ങളായിരിക്കും ഈ ഗാനത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. ഏറ്റവും പുതിയ വാർത്തകൾ പ്രകാരം ചിത്രം 2025 മെയ് 15 നാണ് റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുന്നത്. ആശീർവാദ് റിലീസ് ആയിരിക്കും ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യുക.
മോഹൻലാൽ പത്തനംതിട്ട റാന്നി സ്വദേശിയായ ഷൺമുഖം എന്ന ടാക്സി ഡ്രൈവറായാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. ഒരിടവേളക്ക് ശേഷം ശോഭന നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ഫർഹാൻ ഫാസിൽ, ബിനു പപ്പു, മണിയൻ പിള്ള രാജു, ഇർഷാദ് തുടങ്ങി ഒരു മികച്ച താരനിര തന്നെ അഭിനയിച്ചിട്ടുണ്ട്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ്, കാമറ ചലിപ്പിച്ചത് ഷാജി കുമാർ എന്നിവരാണ്.
നിഷാദ് യൂസഫ്, ഷെഫീഖ് വി ബി എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റർമാർ. തരുൺ മൂർത്തി, കെ ആർ സുനിൽ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം ഓപ്പറേഷൻ ജാവ, ദേശീയ പുരസ്‍കാരം നേടിയ സൗദി വെള്ളക്ക എന്നിവക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം കൂടിയാണ്. സമീപകാലത്ത് ഒരു മലയാള സിനിമ സ്വന്തമാക്കുന്ന ഏറ്റവും മികച്ച ഒടിടി- സാറ്റലൈറ്റ് ഡീലും ഈ ചിത്രം സ്വന്തമാക്കിയിരുന്നു.