മമ്മൂട്ടിയുടെ കളങ്കാവൽ ആദ്യ ദിന ആഗോള ഗ്രോസ് 15 കോടിക്ക് മുകളിൽ; വിശദമായ റിപ്പോർട്ട് പുറത്ത്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. ചിത്രത്തിന്റെ ആദ്യ ദിന ആഗോള ഗ്രോസ് കളക്ഷൻ 15 കോടി 66 ലക്ഷം രൂപയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ രണ്ടാമത്തെ ആദ്യ ദിന കളക്ഷൻ ആണ് ഈ ചിത്രം സ്വന്തമാക്കിയത്. 16 കോടിക്ക് മുകളിൽ നേടിയ മമ്മൂട്ടി- വൈശാഖ് ചിത്രം ടർബോ ആണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ആഗോള ഓപ്പണിങ് നേടിയ ചിത്രം.
കേരളത്തിൽ നിന്ന് 4 കോടി 92 ലക്ഷം രൂപയാണ് ചിത്രം നേടിയ ആദ്യ ദിന ഗ്രോസ്. 2025 ലെ മലയാളത്തിലെ ആദ്യ ദിന ആഗോള ഗ്രോസ്സർ ലിസ്റ്റിൽ മൂന്നാമത് ആണ് കളങ്കാവൽ. മോഹൻലാൽ നായകനായ എമ്പുരാൻ 69 കോടിയും, തുടരും 17 കോടിക്ക് മുകളിലും ആദ്യ ദിനം ആഗോള തലത്തിൽ നേടി ഈ ലിസ്റ്റിൽ ഒന്നും രണ്ടും സ്ഥാനത്ത് നിൽക്കുന്നു. കേരളത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ അഞ്ചാമത് ആണ് കളങ്കാവൽ. എമ്പുരാൻ, കൂലി,കാന്താര, തുടരും എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിൽ.
റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 1 കോടി രൂപയാണ് ചിത്രം നേടിയ ആദ്യ ദിന ഗ്രോസ്. വിദേശത്തു നിന്ന് 9 കോടി 74 ലക്ഷമാണ് ചിത്രം നേടിയ ഗ്രോസ്. അതിൽ ഗൾഫ് – $940K , നോർത്ത് അമേരിക്ക – $55K , യു കെ/ അയർലൻഡ് – £41K ($56K), ഓസ്ട്രേലിയ, ന്യൂസീലൻഡ് – $15K എന്നിങ്ങനെയാണ് ചിത്രം നേടിയ ഗ്രോസ് കളക്ഷൻ. മമ്മൂട്ടി കമ്പനി തന്നെ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഏഴാമത്തെ ചിത്രം കൂടിയാണിത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ.
മമ്മൂട്ടി, വിനായകൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ.


