in

ജൂഡ് ആന്റണി ജോസഫ് – വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ ആരംഭിച്ചു; റിലീസ് അപ്‌ഡേറ്റും പുറത്ത്

ജൂഡ് ആന്റണി ജോസഫ് – വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ ആരംഭിച്ചു; റിലീസ് അപ്‌ഡേറ്റും പുറത്ത്

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന “തുടക്കം” ആരംഭിച്ചു. കൊച്ചിയിൽ നടന്ന പൂജ ചടങ്ങുകളോടെയാണ് ചിത്രം ആരംഭിച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ റെഗുലർ ഷൂട്ടിംഗ് നവംബർ പകുതിയോടെ ആരംഭിക്കും എന്നാണ് റിപ്പോർട്ട്.

ചിത്രത്തിന്റെ അണിയറ പ്രവർത്തകരും മലയാള സിനിമയിലെ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ സുചിത്ര മോഹൻലാൽ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചപ്പോൾ, ആദ്യ ക്ലാപ് അടിച്ചത് പ്രണവ് മോഹൻലാൽ ആണ്. ദിലീപ്, എം രഞ്ജിത്, തരുൺ മൂർത്തി, മേജർ രവി, ലിസ്റ്റിൻ സ്റ്റീഫൻ, ജോബി ജോർജ്, സിയാദ് കോക്കർ, ആഷിഖ് ഉസ്മാൻ തുടങ്ങി മലയാളത്തിലെ ഒട്ടേറെ പ്രമുഖ വ്യക്തികൾ ചടങ്ങിന്റെ ഭാഗമായി.

2026 മെയ് ഒന്നിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. ചമൻ ചാക്കോ ആണ് ചിത്രത്തിന്റെ എഡിറ്റർ. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ മോഹൻലാലും അഭിനയിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബോബി കുര്യനും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും.

യാനിക് ബെൻ, സ്റ്റണ്ട് സിൽവ എന്നിവർ ആക്ഷൻ ഒരുക്കുന്ന ചിത്രം രചിച്ചത് ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, സംവിധായകൻ ജൂഡ് ആന്റണി എന്നിവർ ചേർന്നാണ്. 2018 എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ചിത്രമാണ് “തുടക്കം”.

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഒക്ടോബർ 31 ന്; മികച്ച നടനാകാൻ മോഹൻലാലും മമ്മൂട്ടിയും ആസിഫ് അലിയും?