ആവേശം കൊടിയേറ്റം നടത്തി ‘ജവാൻ’ ട്രെയിലർ എത്തി…
തെന്നിന്ത്യൻ സംവിധായകൻ അറ്റ്ലിയും ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും ആദ്യമായി ഒന്നിക്കുന്ന ‘ജവാൻ’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. 2 മിനിറ്റ് 45 സെക്കൻ്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് നിർമ്മാതാക്കൾ റിലീസ് ചെയ്തിരിക്കുന്നത്. ആരാധകരിൽ വമ്പൻ ആവേശം തീർക്കുന്ന തരത്തിൽ ആണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ആക്ഷനും ഡ്രാമയും ത്രില്ലും റോമാൻസും ഒക്കെ അടങ്ങിയ ഒരു കംപ്ലീറ്റ് പാക്കേജ് ആണ് ചിത്രം എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
ഒരു മുൻ സൈനികന്റെ വേഷത്തിൽ ആണ് ഷാരൂഖ് ചിത്രത്തിൽ എത്തുന്നത്. നിലവിലാകട്ടെ ഷാരൂഖിൻ്റെ കഥാപാത്രം ആറ് സ്ത്രീകൾ കൂടി അടങ്ങിയ ഒരു ടീമുമായി രാജ്യത്തുടനീളം വ്യത്യസ്ത കവർച്ചകൾ നടത്തുകയാണ്. അവർ ഒരു മെട്രോ ഹൈജാക്ക് ചെയ്യുകയും ആ കേസിൻ്റെ ചുമതല ഏറ്റെടുക്കുന്നത് ആകട്ടെ നയൻതാരയുടെ പോലീസ് ഓഫീസർ കഥാപാത്രവും. എന്നിരുന്നാലും മുൻ കാലത്ത് ഈ കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയ രംഗങ്ങളും ട്രെയിലറിൽ കാണാൻ കഴിയുന്നുണ്ട്.
ഒരു സ്പെഷ്യൽ അപ്പിയറൻസ് ആയി ദീപിക പദുക്കോൺ ചിത്രത്തിൽ എത്തുന്നുണ്ട്. വിജയ് സേതുപതി ആകട്ടെ വ്യത്യസ്ത വേഷങ്ങളിൽ ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നു. ലോകത്തിലെ നാലാമത്തെ വലിയ ആയുധ ഇടപാടുകാരനായിട്ടാണ് വിജയ് സേതുപതിയെ ട്രെയിലറിൽ അവതരിപ്പിച്ചിരിക്കുന്നത്. ട്രെയിലർ കാണാം:
ഈ വർഷം പത്താൻ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലൂടെ വമ്പൻ തിരിച്ച് വരവ് നടത്തിയ ഷാരൂഖ് ഖാൻ്റെ അടുത്ത റിലീസ് എന്ന നിലയിലും വമ്പൻ പ്രതീക്ഷ കൽപ്പിക്കുന്ന ചിത്രമാണ് ജവാൻ. സന്യ മൽഹോത്ര, പ്രിയാമണി, സുനിൽ ഗ്രോവർ, ഗിരിജ ഓക്, റിധി ഡോഗ്ര എന്നിവർ ആണ് മറ്റ് താരങ്ങൾ. ദളപതി വിജയ് ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തും എന്ന അഭ്യൂഹങ്ങളും നിറയുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ സെപ്റ്റംബർ 7ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക.