ദളപതി വിജയ് ചിത്രം ‘ജനനായകൻ’ ട്രെയിലർ എത്തി; തെലുങ്ക് സൂപ്പർഹിറ്റ് ചിത്രത്തിന്റെ റീമേക്കെന്ന് സൂചന

ദളപതി വിജയ് നായകനായി എത്തുന്ന ‘ജനനായകന്റെ’ ട്രെയിലർ പുറത്ത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ. നാരായണ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച്. വിനോദ് ആണ്. വിജയ് ആരാധകർക്ക് ആഘോഷിക്കാനുള്ള നിമിഷങ്ങൾ നൽകുന്ന ഒരു പൊളിറ്റിക്കൽ മാസ് ആക്ഷൻ ത്രില്ലറാണ് ചിത്രം എന്ന സൂചനയാണ് ട്രെയിലർ നൽകിയത്.
ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ.കെ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ചിത്രം പൊങ്കൽ റിലീസായി ജനുവരി 9-ന് ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. എസ്.എസ്.ആർ എന്റർടൈൻമെന്റ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ വലിയ ശ്രദ്ധയാണ് ചിത്രം നേടുന്നത്. തെലുങ്ക് ചിത്രം ‘ഭഗവന്ത് കേസരി’യുടെ തമിഴ് റീമേക്കാണ് ‘ജനനായകൻ’ എന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്.
വിജയ്‌യുടെ ആക്ഷൻ, പഞ്ച് ഡയലോഗുകൾ എന്നിവ കോർത്തിണക്കിയ ചിത്രം, ഒരു രാഷ്ട്രീയ നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആശയങ്ങളെക്കൂടി പൊതുസമൂഹത്തിനു മുന്നിലേക്ക് വെക്കാൻ ശ്രമിക്കുന്നുണ്ടെന്നും ട്രെയിലർ കാണിച്ചുതരുന്നു. പൂജ ഹെഗ്‌ഡെ, മലയാളി താരം മമിത ബൈജു എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് ബോളിവുഡ് താരം ബോബി ഡിയോൾ ആണ്. ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരേൻ, സുനിൽ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ചിത്രത്തിലെ നാല് ഗാനങ്ങൾ ഇതിനോടകം പുറത്തുവരികയും സമൂഹമാധ്യമങ്ങളിൽ മികച്ച പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. മലേഷ്യയിൽ വെച്ചു നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്, മലേഷ്യയിൽ നടന്ന ഏറ്റവും ജനപങ്കാളിത്തമുള്ള ഇവന്റിനുള്ള മലേഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരുന്നു. ഛായാഗ്രഹണം- സത്യൻ സൂര്യൻ, എഡിറ്റർ- പ്രദീപ് ഇ. രാഘവ്, ആക്ഷൻ- അനിൽ അരശ്.


