രണ്ടാമതും ഒന്നിക്കാൻ മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ടീം?
മലയാളത്തിന്റെ മഹാനടൻ മോഹൻലാലും, തന്റെ കഥപറച്ചിൽ ശൈലി കൊണ്ട് പ്രേക്ഷക – നിരൂപക പ്രശംസ നേടിയ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും വീണ്ടും കൈകോർക്കുന്നതായി സ്ഥിരീകരിക്കാത്ത വാർത്തകൾ. ഇരുവരും ആദ്യമായി ഒന്നിച്ച ‘ മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രം കഴിഞ്ഞ വർഷം ജനുവരിയിലാണ് റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല.
എങ്കിലും അമ്പരപ്പിക്കുന്ന പരീക്ഷണ സ്വഭാവം കൊണ്ടും കഥ പറഞ്ഞ ശൈലി കൊണ്ടും കേരളത്തിന് അകത്തും പുറത്തുമുള്ള നിരൂപകരുടെ ശ്രദ്ധ നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. മോഹൻലാലിൻറെ മികച്ച പ്രകടനവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറിയിരുന്നു. ഒരു രണ്ടാം ഭാഗം ഉണ്ടാകാനുള്ള സാധ്യതയും തുറന്നിട്ട് കൊണ്ടാണ് ലിജോ ഈ ചിത്രം അവസാനിപ്പിച്ചത് എന്നതും ശ്രദ്ധേയമായി.
എന്നാൽ മറ്റൊരു പുതിയ ചിത്രവുമായി ഈ കൂട്ടുകെട്ട് ഒന്നിക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ പറയപ്പെടുന്നത് ഒരു മാസ്സ് ആക്ഷൻ കൊമേർഷ്യൽ ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്നും, ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുക എന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പറയുന്നത്.
മോഹൻലാൽ, ലിജോ എന്നിവർ തങ്ങളുടെ ഇപ്പോഴത്തെ മറ്റു കമ്മിറ്റ്മെന്റുകൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, ഈ ചിത്രത്തിന്റെ ജോലികളിലേക്ക് കടന്നേക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിന്റെ അപ്‌ഡേറ്റ് ഉടനെ ഉണ്ടാവുമെന്നും, എല്ലാം പ്ലാൻ ചെയ്ത പോലെ നടന്നാൽ ഏപ്രിൽ മാസത്തിൽ ചിത്രം ആരംഭിച്ചേക്കാമെന്നും സൂചനയുണ്ട്. ഈ വാർത്തയെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.