വിവാദങ്ങൾക്ക് വിട; കോടതി അനുമതിയോടെ ഷെയ്ൻ നിഗത്തിന്റെ ‘ഹാൽ’ ക്രിസ്മസ് റിലീസായി എത്തുന്നു

നീണ്ട അനിശ്ചിതത്വങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം ‘ഹാൽ’ തിയേറ്ററുകളിലേക്ക് എത്തുന്നു. സെൻസർ ബോർഡുമായുള്ള തർക്കങ്ങളെ തുടർന്ന് വാർത്തകളിൽ ഇടംനേടിയ ചിത്രം ഈ ക്രിസ്മസിന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കോടതി വിധി അനുകൂലമായതോടെ, അതിന്റെ ആശ്വാസം പങ്കുവെക്കുന്ന പുതിയൊരു പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. ‘ഒടുവിൽ കോടതി അനുമതിയോടെ പ്രേക്ഷകരിലേക്ക്’ എന്ന വാചകത്തിനൊപ്പം, സിനിമയുമായി ബന്ധപ്പെട്ട് വന്ന വിവാദ വാർത്തകളുടെ തലക്കെട്ടുകളും ഉൾക്കൊള്ളിച്ചാണ് ഈ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.
സെൻസർ ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായ ചില നിർദ്ദേശങ്ങളായിരുന്നു ചിത്രത്തെ വാർത്തകളിൽ നിറച്ചത്. സിനിമയിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഉൾപ്പെടെ ആറ് ഭാഗങ്ങൾ നീക്കം ചെയ്യണമെന്നായിരുന്നു സെൻസർ ബോർഡിന്റെ ആവശ്യം. എന്നാൽ ഈ നിർദ്ദേശത്തിനെതിരെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രദർശനാനുമതി ലഭിക്കാൻ ഈ ആറ് വെട്ടിക്കുറയ്ക്കലുകൾ അനിവാര്യമാണെന്നായിരുന്നു സിബിഎഫ്സിയുടെ (CBFC) നിലപാട്. എന്നാൽ സിംഗിൾ ബെഞ്ച് ഇതിൽ നാല് കട്ടുകൾ റദ്ദാക്കിയിരുന്നു.
തുടർന്ന് സിംഗിൾ ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് സിബിഎഫ്സിയും കാത്തലിക് കോൺഗ്രസും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചു. എന്നാൽ ഈ അപ്പീലുകൾ ഹൈക്കോടതി ഇന്ന് തള്ളുകയും സിംഗിൾ ബെഞ്ചിന്റെ വിധി ശരിവെക്കുകയും ചെയ്തു. അപ്പീലിൽ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി ജഡ്ജിമാർ ‘ഹാൽ’ നേരിട്ട് കണ്ടിരുന്നു. സിനിമ കണ്ട ശേഷം അത് ആസ്വദിച്ചു എന്ന നിരീക്ഷണമാണ് ഡിവിഷൻ ബെഞ്ച് അംഗങ്ങൾ നടത്തിയത്.
നിയമക്കുരുക്കുകൾ അഴിച്ചുവെച്ച് എത്തുന്ന ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ജെ വി ജെ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. നിഷാദ് കോയയാണ് രചന. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാർ, കെ. മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
നന്ദഗോപൻ വി സംഗീതവും രവി ചന്ദ്രൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. ആകാശ് ജോസഫ് വർഗ്ഗീസാണ് എഡിറ്റിംഗ്. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാർട്നർ. നാഥന്, പ്രശാന്ത് മാധവ് എന്നിവർ ആർട്ട് ഡയറക്ഷനും ഷംനാസ് എം അഷ്റഫ് പ്രൊജക്റ്റ് ഡിസൈനും നിർവഹിക്കുന്നു. വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണ, തൻവീർ അഹമ്മദ്, മേക്കപ്പ്: അമല്‍ ചന്ദ്രന്. സാൻഡി, ഷെരീഫ് മാസ്റ്റർ, ദിനേശ് മാസ്റ്റർ, മാനിഷാദ എന്നിവരാണ് കോറിയോഗ്രഫി. വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ, അബി എന്നിവരുടേതാണ് വരികൾ.
എസ് ബി കെ ഷുഹൈബ്, രാജേഷ് നടരാജൻ എന്നിവർ സ്റ്റിൽസും അനെക്സ് കുര്യൻ സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. വിഷ്ണു സുജാതനാണ് സൗണ്ട് മിക്സിങ്. ജെവിജെ റിലീസ് രാജ്സാഗർ ഫിലിംസിലൂടെ ചിത്രം വിതരണത്തിനെത്തിക്കുമ്പോൾ ഫാര്‍സ് ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ നിർവഹിക്കുന്നത്. പി ആർ ഒ: വാഴൂര്‍ ജോസ്, ആതിര ദിൽജിത്ത്.


