ടോവിനോ തോമസിന്‍റെ ‘ഗപ്പി’ വീണ്ടും റിലീസ് ചെയ്യുന്നു!
ടോവിനോ, ചേതൻലാല്‍ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രമായിരുന്നു ഗപ്പി. 2016ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ജോൺ പോൾ ജോർജ് ആണ്. തീയേറ്ററുകളിൽ പരാജയപ്പെടാനായിരുന്നു ചിത്രത്തിന്റെ വിധി. ഈ ചിത്രം ഒരിക്കൽ കൂടി റിലീസ് ചെയ്യാൻ പോകുക ആണ്. ജനുവരി 21ന് ആയിരിക്കും ചിത്രം വീണ്ടും റിലീസ് ആകുന്നത്.
ബോക്സ് ഓഫീസിൽ കാലിടറിയ ഗപ്പിയെ ഡിവിഡി റിലീസിന് ശേഷം മറ്റൊരു രീതിയിൽ ആണ് പ്രേക്ഷകർ വരവേറ്റത്. ഡിവിഡി പുറത്തിറങ്ങിയതിന് ശേഷം പ്രേക്ഷകർ ചിത്രത്തെ വാനോളം പ്രശംസിക്കാൻ തുടങ്ങി. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും താരങ്ങൾക്കും ആശംസ സന്ദേശങ്ങൾ നിരവധി എത്തി. ഒടുവിൽ ചിത്രത്തിലെ നായകൻ ടോവിനോ തോമസ് തന്നെ പ്രേക്ഷകരോട് നേരിട്ട് ചോദിച്ചു: ഗപ്പി റീ-റിലീസ് ചെയ്‌താൽ നിങ്ങളൊക്കെ തിയേറ്ററിൽ പോയി കാണുമോ?
എന്തായാലും അന്ന് ചിത്രം റീ റിലീസ് ആയില്ല. എന്നാൽ ഈ വരുന്ന ജനുവരി 21ന് ചിത്രം വീണ്ടും എത്തുന്നു. കേരളത്തിലെ മൂന്നു തീയേറ്ററുകളിൽ ആണ് ചിത്രം റിലീസിന് എത്തുന്നത്. തിരുവനന്തപുരം ശ്രീ വിശാഖ്, എറണാകുളം സവിത, മലപ്പുറം നവീൻ എന്നിവിടങ്ങളിൽ ഗപ്പി റീ റിലീസ് ചെയ്യുന്നു.
ഗപ്പി തിയേറ്ററിൽ പോയി ആസ്വദിക്കാൻ സാധിക്കാതെ ഇരുന്നവർക്ക് ഇതൊരു അവസരം ആണ്.