in

‘ഗെറ്റ് സെറ്റ് ബേബി’യിൽ ഉണ്ണി – നിഖില കോംബോയെ ഒന്നിപ്പിച്ചത് ആ വൈറൽ റീൽ; സ്‌ക്രീനിൽ അവർ സൃഷ്ടിച്ച കെമിസ്ട്രിയ്ക്ക് പ്രേക്ഷകർ കയ്യടിക്കുന്നു!

‘ഗെറ്റ് സെറ്റ് ബേബി’യിൽ ഉണ്ണി – നിഖില കോംബോയെ ഒന്നിപ്പിച്ചത് ആ വൈറൽ റീൽ; സ്‌ക്രീനിൽ അവർ സൃഷ്ടിച്ച കെമിസ്ട്രിയ്ക്ക് പ്രേക്ഷകർ കയ്യടിക്കുന്നു!

മലയാളത്തിന്റെ പ്രിയ താരങ്ങളായ ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ച ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രതികരണങ്ങൾ നേടുമ്പോൾ ഉണ്ണി മുകുന്ദനും നിഖില വിമലും സ്‌ക്രീനിൽ സൃഷ്ടിച്ച കെമിസ്ട്രിയും പ്രേക്ഷകർ ആവേശത്തോടെ സ്വീകരിക്കുകയാണ്. എന്നാൽ ചിത്രത്തിലേക്ക് ഉണ്ണിയുടെ നായികയായി നിഖില വന്നതിനു പിന്നിൽ പ്രേക്ഷകർ ആഘോഷമാക്കിയ ഒരു വൈറൽ റീലാണ്. സംവിധായകൻ വിനയ് ഗോവിന്ദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“ഉണ്ണിയുടെ നായികയാരാവും എന്നുള്ള ഒരു തോട്ട് പ്രോസസ്സ് വന്ന സമയത്താണ് വിഷ്ണു മോഹന്റെ പടത്തിന് പൂജ നടക്കുന്നത്. അവിടെ ഉണ്ണിയും നിഖിലയും ഒന്നിച്ച് നിൽക്കുന്ന കുറെ റീൽസും കാര്യങ്ങളും ഒക്കെ വൈറൽ ആയിരുന്നു. അപ്പൊ ആ വീഡിയോ കണ്ടപ്പോഴാണ് ഫ്രഷ് കാസ്റ്റിംഗ് ആണ്, ഫ്രഷ് പെയർ ആണ് വൈ നോട്ട് (എന്ന് ചിന്തിച്ചത്). എനിക്ക് നിഖിലയെ പരിചയമുണ്ട്, നിഖില അത്യാവശ്യം ഡെഡിക്കേറ്റഡ് ആയിട്ട് താരത്തിന് (നിവിൻ പോളി – വിനയ് ഗോവിന്ദ് ചിത്രം) വേണ്ടി മുടിയൊക്കെ മുറിച്ച് ഭയങ്കര സാക്രിഫൈസ് ഒക്കെ ചെയ്തായിരുന്നു. ഒരു ക്യാരക്ടറിന് വേണ്ടി അത്യാവശ്യം ഡെഡിക്കേറ്റഡ് ആയിട്ട് വർക്ക് ചെയ്യുന്ന ഒരാളാണ്, ഉണ്ണിയുടെ കൂടെ ഇതുവരെ കാസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരാളാണ്, സോ വൈ നോട്ട് എന്ന് പറഞ്ഞ് നമ്മൾ അപ്രോച്ച് ചെയ്തു. കൺവിൻസ് ചെയ്തു”, വിനയ് ഗോവിന്ദ് വെളിപ്പെടുത്തി.

ഉണ്ണിയുടെ കൂടെ അഭിനയിച്ചത് നല്ല അനുഭവമായിരുന്നു എന്ന് നിഖില വിമലും പറഞ്ഞു. നിഖിലയുടെ വാക്കുകൾ: “എനിക്ക് നല്ല എക്സ്പീരിയൻസ് ആയിരുന്നു. എനിക്ക് ഉണ്ണിയെ നേരത്തെയും പരിചയമുണ്ട്. ഉണ്ണിയുടെ കൂടെ (മുൻപും) സിനിമകൾ വരാറുണ്ട് പക്ഷെ എപ്പോഴും എന്തെങ്കിലുമൊക്കെ കാരണം കൊണ്ട് ചെയ്യാൻ പറ്റാറില്ല. പിന്നെ ഇങ്ങനെ ഒരു സിനിമ വന്നപ്പോൾ ഓക്കേ ശരി, അപ്പൊ ഇതായിരിക്കാം റൈറ്റ് ടൈം എന്നുള്ളതുകൊണ്ട് അങ്ങനെ ചെയ്തു. എനിക്ക് നേരത്തെ പരിചയമുള്ള ഒരാൾ എന്നുള്ള രീതിയിൽ എനിക്ക് ആ സെറ്റില് പരിചയമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാൾ ഉണ്ണിയും മറ്റൊരാൾ വിനയ് ചേട്ടനുമാണ്.”

എന്നിരുന്നാലും ഇരുവരെയും കൊണ്ട് റൊമാൻസ് ചെയ്യിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു എന്ന് പറയുകയാണ് സംവിധായകൻ വിനയ്. “ഇവരെക്കൊണ്ട് റൊമാൻസ് ചെയ്യിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിഖില പറയും: ‘എന്നെക്കൊണ്ട് ഇത്രയേ പറ്റുള്ളൂ, എനിക്ക് ഇതിൽ കൂടുതൽ റൊമാൻസ് വരില്ല’. ഉണ്ണിക്കാണേൽ ഏകദേശം നാണം ഒക്കെ ഉണ്ട്. കുറെ കൂടി റൊമാൻസ് (വേണം) എന്ന് പറഞ്ഞു പോകുമായിരുന്നു. ഇതില് നമ്മുടെ ഡിഓപി അലക്സ് ആണ്. അലക്സ് ഗിംബൽ ഒക്കെ എടുത്ത് നിൽക്കുന്ന സമയത്ത്, ഇവര് രണ്ടുപേരും തമാശയൊക്കെ പറഞ്ഞു ചിരിച്ച് വേണ്ട എക്സ്പ്രഷൻ വരൂല്ല. അപ്പൊ ഒരു ഏഴാമത്തെ എട്ടാമത്തെ ടേക്ക് ഒക്കെ ആകുമ്പോൾ അലക്സ് പറയും (ഇത്) മതിയില്ലേ. ഇതൊരു പോയിന്റ് കഴിഞ്ഞാൽ പിന്നെ കോമ്പറ്റീഷൻ ആകും. ‘ആരാ നന്നായി ചെയ്യുന്നത്’, ‘എന്റെ എക്സ്പ്രഷൻ ശരിയായി നിന്റെ ശരിയായില്ല’ എന്നൊക്കെ പറഞ്ഞുള്ള ഒരു സ്പേസിലേക്ക് എത്തും. പിന്നെ അതൊരു 10 – 12 ആമത്തെ ടേക്ക് ഒക്കെ ആകുമ്പോഴത്തേക്കും ശരിയാവും, അൾട്ടിമേറ്റ് ശരിയാവാതെ വിടാൻ പറ്റില്ലല്ലോ”, വിനയ് പറഞ്ഞു.

ഗെറ്റ് സെറ്റ് ബേബിയിൽ ഐ.വി.എഫ് സ്പെഷ്യലിസ്റ്റായ അർജുൻ ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്നത്. അർജുന്റെ ഭാര്യ സ്വാതിയായി നിഖില വിമലും എത്തുന്നു. കുട്ടികളില്ലാത്ത ദമ്പതികൾക്ക് ആശ്വാസമാകുന്ന ഒരു പ്രത്യേക ഹോസ്പിറ്റൽ ആരംഭിക്കുന്ന അർജുന്റെ ജീവിതത്തിലെ രസകരവും വൈകാരികവുമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ശ്യാം മോഹൻ, സുരഭി ലക്ഷ്മി, ജോണി ആന്റണി, സുധീഷ്, ദിനേശ് പ്രഭാകർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. സ്കന്ദ സിനിമാസ്, കിംഗ്‌സ്‌മെൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് സിനിമ നിർമ്മിച്ചത്.

സൂപ്പർ യോദ്ധാവിന്റെ വേഷത്തിൽ ഹനു-മാൻ ഹീറോ തേജ സജ്ജ; ‘മിറായി’ ഓഗസ്റ്റ് ഒന്നിന് എത്തും…