റിലീസിന് മുൻപേ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളുടെ ഫൈനൽ ഗ്രോസ് മറികടന്ന് എമ്പുരാൻ; വീക്കെൻഡ് പ്രീസെയിൽ 80 കോടി

മലയാള സിനിമയുടെ ബോക്സ് ഓഫീസ് സമവാക്യങ്ങൾ എല്ലാകാലത്തും പൊളിച്ചെഴുതിയിട്ടുള്ള മോഹൻലാൽ മാജിക് ഒരിക്കൽ കൂടി ആവർത്തിക്കുന്ന കാഴ്ചക്കാണ് മലയാളം സാക്ഷ്യം വഹിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ എമ്പുരാൻ എന്ന ചിത്രം മാർച്ച് 27 നാണ് ആഗോള റിലീസായി എത്തുന്നത്. എന്നാൽ റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിംഗ് കൊണ്ട് മാത്രം മലയാള സിനിമയിലെ റെക്കോർഡുകൾ കടപുഴക്കുകയാണ് ഈ ചിത്രം.
പ്രീ സെയിൽസ് കൊണ്ട് മാത്രം ആദ്യ ദിന ഗ്രോസ് 50 കോടി പിന്നിട്ട ഈ ചിത്രം ഓപ്പണിങ് ഡേ ഗ്രോസ് ആയി 50 കോടി നേടുന്ന ആദ്യ മലയാള ചിത്രമാണ്. ഏകദേശം 65 മുതൽ 70 കോടി വരെ ചിത്രം ആദ്യ ദിനത്തിൽ ആഗോള ഗ്രോസ് ആയി നേടിയേക്കാം എന്ന പ്രവചനങ്ങൾ ആണ് ഇപ്പോൾ ട്രേഡ് അനലിസ്റ്റുകൾ നടത്തുന്നത്. ആദ്യ വീക്കെന്ഡിലെ ചിത്രത്തിന്റെ ആഗോള ഗ്രോസിന്റെ പ്രീ സെയിൽസ് 80 കോടി രൂപയാണ്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ ഗുരുവായൂർ അമ്പല നടയിൽ, നേര്, ഭീഷ്മ പർവ്വം, ആർഡിഎക്സ്, കണ്ണൂർ സ്‌ക്വാഡ്, കുറുപ്പ് തുടങ്ങിയ ചിത്രങ്ങളുടെ ഫൈനൽ ആഗോള ഗ്രോസ് ആണ് എമ്പുരാൻ പ്രീ സെയിൽസ് കൊണ്ട് മാത്രം ആദ്യ വീക്കെൻഡ് കൊണ്ട് മറികടക്കാൻ പോകുന്നത്.
ഓസ്‌ട്രേലിയയിൽ അഡ്വാൻസ് ബുക്കിംഗ് കൊണ്ട് മാത്രം മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ എമ്പുരാൻ, അവിടെ നിന്ന് ആദ്യമായി 1 മില്യൺ ഗ്രോസ് ചെയ്യുന്ന ചിത്രമായും ഉടനെ മാറും. ആദ്യ ദിനത്തിലെ കേരളാ ഗ്രോസ് 14 – 15 കോടി പ്രതീക്ഷിക്കുന്ന ഈ ചിത്രം കർണാടക, തമിഴ്നാട്, നോർത്ത് ഇന്ത്യ എന്നിവിടങ്ങളിൽ മലയാളത്തിലെ ഓപ്പണിങ് ഡേ റെക്കോർഡ് സൃഷ്ടിക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു.
ഗൾഫ്, അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും എമ്പുരാൻ ഓപ്പണിങ് ഡേ റെക്കോർഡ് മുതൽ ഇൻഡസ്ട്രി റെക്കോർഡ് വരെ സ്ഥാപിച്ചു കഴിഞ്ഞു. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസായി ഈ ചിത്രം എത്തുമ്പോൾ, മലയാള സിനിമാ ലോകത്തിന്റെ സ്വപ്നങ്ങളുടെ ആകാശത്തിന് അതിരുകളില്ല.