മോഹൻലാലിന്റെ ‘എമ്പുരാൻ’ ചരിത്രം കുറിക്കുന്നു; മലയാള സിനിമയുടെ ആദ്യ ഐമാക്സ് റിലീസ് മാർച്ച് 27 ന്

സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കാൻ തയ്യാറാകുന്ന മോഹൻലാലിൻ്റെ ‘എമ്പുരാൻ’ മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരധ്യായത്തിന് കൂടി തുടക്കം കുറിക്കുകയാണ്. മലയാളത്തിൽ ആദ്യമായി ഒരു സിനിമ ഐമാക്സ് രൂപത്തിൽ റിലീസ് ചെയ്യപ്പെടുന്നു. സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ, മോഹൻലാൽ എന്നിവരടങ്ങുന്ന അണിയറ പ്രവർത്തകർ ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടു. ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത തിയേറ്ററുകളിൽ ഐമാക്സ് പതിപ്പ് പ്രദർശിപ്പിക്കുമെന്നും അവർ അറിയിച്ചു. ഈ സിനിമയിലൂടെ മലയാള സിനിമയും ഐമാക്സ് സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നാണ് പ്രതീക്ഷ.
ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘എമ്പുരാൻ’ 2025 മാർച്ച് 27-ന് ആണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. സുഭാസ്കരൻ, ആൻ്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവരാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ. മുരളി ഗോപിയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 6 മണി മുതലാണ് ലോകമെമ്പാടുമുള്ള പ്രദർശനങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യയിലെ പ്രധാന വിതരണ കമ്പനികളാണ് ചിത്രത്തിൻ്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ദിൽ രാജുവിൻ്റെ ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആന്ധ്രയിലും തെലങ്കാനയിലും ചിത്രം വിതരണം ചെയ്യും. നോർത്ത് ഇന്ത്യയിൽ അനിൽ തഡാനിയുടെ എ.എ ഫിലിംസും കർണാടകയിൽ ഹോംബാലെ ഫിലിംസുമാണ് ‘എമ്പുരാൻ’ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
2019-ൽ പുറത്തിറങ്ങിയ ‘ലൂസിഫർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാൻ’. ഖുറേഷി-അബ്രാം/സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹൻലാൽ വീണ്ടും വെള്ളിത്തിരയിൽ എത്തുന്നു. പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിംഗ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
സുജിത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ദീപക് ദേവ് സംഗീതവും അഖിലേഷ് മോഹൻ എഡിറ്റിംഗും മോഹൻദാസ് കലാസംവിധാനവും നിർവഹിക്കുന്നു. സ്റ്റണ്ട് സിൽവയാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ചിത്രത്തിൻ്റെ ക്രിയേറ്റീവ് ഡയറക്ടർ നിർമൽ സഹദേവാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ‘എമ്പുരാൻ’ റിലീസ് ചെയ്യും.