in , ,

229 കോടി ആഗോള കളക്ഷനുമായി ‘എമ്പുരാൻ’; ആവേശം പകർന്ന് ‘അസ്രായേൽ’ ഗാനവും പുറത്ത്…

229 കോടി ആഗോള കളക്ഷനുമായി ‘എമ്പുരാൻ’; ആവേശം പകർന്ന് ‘അസ്രായേൽ’ ഗാനവും പുറത്ത്…

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ ‘എമ്പുരാൻ’ വൻ തരംഗം സൃഷ്ടിച്ചു തന്നെ മുന്നേറുകയാണ്. തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രം, റിലീസ് ദിനം മുതൽ നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ ആണ് തകർത്തു കൊണ്ടേ ഇരിക്കുന്നത്. അതിവേഗത്തിൽ 100 കോടി ക്ലബ്ബിലും 200 കോടി ക്ലബ്ബിലും ഇടം നേടിയ ചിത്രം ആദ്യവാരം 229 കോടി രൂപ നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറാനുള്ള കുതിപ്പിലാണ് ചിത്രം. ഈ വിജയക്കുതിപ്പിന് ആവേശം പകർന്നുകൊണ്ട് ചിത്രത്തിലെ മൂന്നാമത്തെ ഗാനം അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ.

മുരളി ഗോപി രചിച്ച് ദീപക് ദേവ് സംഗീതം ഒരുക്കിയ ‘അസ്രായേൽ’ എന്ന ഗാനമാണ് റിലീസ് ആയിരിക്കുന്നത്. ഉഷാ ഉതുപ്പ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘ലൂസിഫറി’ൻ്റെ അവസാനത്തിൽ ഉഷാ ഉതുപ്പ് ആലപിച്ച ‘എമ്പുരാൻ’ എന്ന പദം രണ്ടാം ഭാഗത്തിന്റെ പേരായി മാറിയത് പോലെ, ‘എമ്പുരാനി’ലെ ‘അസ്രായേൽ’ എന്ന ഗാനവും മൂന്നാം ഭാഗത്തിന്റെ പേരായി മാറുമെന്ന സൂചനകൾ ആരാധകർക്കിടയിൽ ശക്തമായിരുന്നു. ഈ അഭ്യൂഹങ്ങൾക്ക് ഒരു അഭിമുഖത്തിൽ സംഗീത സംവിധായകൻ ദീപക് ദേവ് സ്ഥിരീകരണം നൽകുകയും ചെയ്തിരുന്നു. മൂന്നാം ഭാഗത്തിന് ‘അസ്രായേൽ’ എന്ന പേര് തന്നെയാകുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

റിലീസിന് മുൻപേ റെക്കോർഡ് പ്രീ-ബുക്കിംഗ് നേടി ഇന്ത്യ ഒട്ടാകെ ചർച്ചയായ ‘എമ്പുരാൻ’ മാർച്ച് 27-ന് ആയിരുന്നു ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തിയത്. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ഈ ബ്രഹ്‌മാണ്ഡ ചിത്രം നിർമ്മിച്ചത്. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങിയ ഈ ചിത്രം മലയാള സിനിമയുടെ ആദ്യത്തെ ഐമാക്സ് റിലീസ് എന്ന സവിശേഷതയും സ്വന്തമാക്കിയിരുന്നു. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

സ്ത്രീധന നിരോധന നിയമത്തിൻ്റെ ദുരുപയോഗത്തെക്കുറിച്ചുള്ള ചിത്രം ‘ദി വെർഡിക്ട് 498എ’ പ്രഖ്യാപിച്ചു…

സർപ്പത്തിൻ്റെ പ്രതികാര കഥ പറയുന്ന ‘ഫണി’; കാതറിൻ ട്രീസ നായികയാവുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്…