14 വർഷങ്ങൾക്ക് ശേഷം തെലങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖാപിച്ചു; തിളങ്ങി ദുൽഖർ സൽമാനും ലക്കി ഭാസ്കറും

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പ്രഖ്യാപിച്ച തെലങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ തിളങ്ങി മലയാളത്തിൻ്റെ പ്രിയതാരം ദുൽഖർ സൽമാൻ. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കറി’ലെ പ്രകടനത്തിന് മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്‌കാരം നേടിയാണ് ദുൽഖർ മലയാള സിനിമയുടെ അഭിമാനമുയർത്തിയത്. ഗദ്ദർ അവാർഡ് എന്നറിയപ്പെടുന്ന ഈ സംസ്ഥാന പുരസ്‌കാരങ്ങൾ 14 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
2024-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രങ്ങൾക്കായുള്ള പുരസ്‌കാരങ്ങളിൽ ‘ലക്കി ഭാസ്കർ’ നാല് വിഭാഗങ്ങളിലാണ് നേട്ടം കൈവരിച്ചത്. ദുൽഖറിന് മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചതിന് പുറമെ, മികച്ച മൂന്നാമത്തെ ചലച്ചിത്രം, മികച്ച എഡിറ്റർ (നവീൻ നൂലി), മികച്ച തിരക്കഥാകൃത്ത് (വെങ്കി അറ്റ്ലൂരി) എന്നീ പുരസ്‌കാരങ്ങളും ‘ലക്കി ഭാസ്കറി’നെ തേടിയെത്തി. അന്യഭാഷയിൽ ഒരു മലയാളി താരത്തിന് ലഭിച്ച ഈ വലിയ അംഗീകാരം മലയാള സിനിമയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്ന ഒന്നായി വിലയിരുത്തപ്പെടുന്നു.
ബോക്‌സ് ഓഫീസിൽ പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ‘ലക്കി ഭാസ്കറി’ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഗംഭീര സ്വീകരണമാണ് ആഗോളതലത്തിൽ ലഭിച്ചത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചത്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായുള്ള ദുൽഖറിൻ്റെ പ്രകടനം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയിരുന്നു.
1992-ലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു പീരീഡ് ഡ്രാമ ത്രില്ലറാണ് ‘ലക്കി ഭാസ്കർ’. മീനാക്ഷി ചൗധരിയായിരുന്നു ചിത്രത്തിലെ നായിക. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിച്ചത്.