ഉണ്ണി മുകുന്ദൻ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’യിലെ മോഹൻലാൽ സാന്നിധ്യം; നന്ദി പറഞ്ഞ് ഫാൻ ബോയ് സംവിധായകൻ, ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ…

കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുകയാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുക്കിയ ചിത്രം കഴിഞ്ഞ ദിവസമാണ് ആഗോള റിലീസായി എത്തിയത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടുന്ന ചിത്രം പ്രേക്ഷകരുടെ മനസ്സ് തൊടുന്ന ഒരു ഫീൽ ഗുഡ് ഫാമിലി കോമഡി എൻ്റർടെയ്നറാണ്.
ഇപ്പോഴിതാ ചിത്രം മികച്ച പ്രതികരണം നേടുന്ന വേളയിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനും നന്ദി പറഞ്ഞു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ഗെറ്റ് സെറ്റ് ബേബി ടീം. മോഹൻലാലിൻറെ ശബ്ദത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. അതോടൊപ്പം മോഹൻലാൽ ഈ ചിത്രം കാണുകയും അഭിനന്ദിക്കുകയും ചെയ്തു എന്നും അദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്ക് വെച്ച് കൊണ്ട് സംവിധായകൻ വിനയ് ഗോവിന്ദ് സമൂഹ മാധ്യമങ്ങളിൽ കുറിക്കുകയും ചെയ്തു. ഫാൻ ബോയ് ആയ തന്നെ സംബന്ധിച്ച് നിമിഷത്തെ മോഹൻലാലിന് ഒപ്പമുള്ള സംഭാഷണം ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നായി മാറി എന്നും വിനയ് കുറിച്ചു.
വിനയ് ഗോവിന്ദ് ഇംഗ്ലീഷിൽ പങ്കുവെച്ച കുറിപ്പിന്റെ മലയാളം പരിഭാഷ ഇങ്ങനെ: “നന്ദി മോഹൻലാൽ സാർ. താങ്കളുടെ അനുഗ്രഹത്തോടെയാണ് ഞങ്ങളുടെ സിനിമ ആരംഭിച്ചത്. മാന്ത്രിക ശബ്ദത്തോടെയുള്ള താങ്കളുടെ സാന്നിധ്യം ഞങ്ങളുടെ സിനിമയെ കൂടുതൽ സവിശേഷമാക്കി. സമയം കണ്ടെത്തി ഞങ്ങളുടെ സിനിമ കാണാൻ വന്നപ്പോൾ അത് എല്ലാറ്റിനും മുകളിൽ മധുരമേറ്റി. താങ്കളുടെ സിനിമകളുമായി ബന്ധപ്പെട്ട് കോർ മെമ്മറികളുള്ള ഒരു ഫാൻ ബോയ് ആയ എന്നെ സംബന്ധിച്ചിടത്തോളം, ആ പ്രോത്സാഹന വാക്കുകളും കുറച്ച് നിമിഷത്തെ സംഭാഷണവും എൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നായി മാറി. ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഗെറ്റ് സെറ്റ് ബേബി ടീമിന്റെ വലിയ സ്നേഹം ലാലേട്ടാ. ഞങ്ങളുടെ സിനിമയിൽ വിശ്വാസമർപ്പിച്ച ആൻ്റണി പെരുമ്പാവൂർ ചേട്ടനും നന്ദി.”
മോഹൻലാൽ- ആന്റണി പെരുമ്പാവൂർ എന്നിവരുടെ നേതൃത്വത്തിലുള്ള ആശിർവാദ് സിനിമാസ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്. വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നിഖില വിമൽ നായികാ വേഷം ചെയ്തിരിക്കുന്ന ചിത്രത്തിൽ ചെമ്പന്‍ വിനോദ് ജോസ്, ശ്യാം മോഹന്‍, സുരഭി ലക്ഷ്മി, ജോണി ആന്‍റണി, സുധീഷ്, ദിനേഷ് പ്രഭാകര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
സ്കന്ദ സിനിമാസ്, കിങ്‌സ്‌മെൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍ എന്നിവരാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. അലക്സ് ജെ പുളിക്കൽ കാമറ ചലിപ്പിച്ച ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് അർജു ബെന്നും, സംഗീതമൊരുക്കിയത് സാം സി എസുമാണ്. സൂപ്പർ വിജയം നേടിയ ആക്ഷൻ ത്രില്ലർ മാർക്കോക്ക് ശേഷം തികച്ചും വ്യത്യസ്തമായ ജോണറിലുള്ള ചിത്രവുമായി ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് ഉണ്ണി മുകുന്ദൻ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.