‘ഉടൽ’ സംവിധായകന് ഒപ്പം ദിലീപിന്റെ ബിഗ് ബഡ്‌ജറ്റ് ചിത്രം; ചിത്രീകരണം ഇന്ന് മുതൽ…
ഡി 148 എന്ന് ആരാധകർക്ക് ഇടയിൽ അറിയപ്പെടുന്ന നടൻ ദിലീപിന്റെ പുതിയ ചിത്രം കോട്ടയത്ത് ഇന്ന് (ജനുവരി 28) ചിത്രീകരണം ആരംഭിക്കും. ‘ഉടൽ’ എന്ന ചിത്രം ഒരുക്കിയ രതീഷ് രഘുനാഥൻ ആണ് ഈ ദിലീപ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർ ബി ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസും ഇഫാർ മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിക്കുക. ഇന്നലെ (ജനുവരി 27) കൊച്ചിയിൽ ചിത്രത്തിന്റെ ലോഞ്ചിങ് നടന്നു. ‘തങ്കമണി’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ എന്ന് റൂമറുകൾ പ്രചരിക്കുന്നുണ്ട്.
പാപ്പനിൽ ശ്രദ്ധേയമായ വേഷം ചെയ്ത നീത പിള്ള ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. തെന്നിന്ത്യൻ താരം പ്രാണിത സുഭാഷും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മെഗാ ബഡ്‌ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചതും സംവിധായകൻ രതീഷ് തന്നെയാണ്. മൂന്ന് സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സ് ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കുന്നത്. രണ്ട് ഷെഡ്യൂളുകളായി ഈ ബിഗ് ബഡ്‌ജറ്റ് ചിത്രം പൂർത്തിയാകും. സൂപ്പർ ഗുഡ് ഫിലിംസിന്റെ 97 ആം ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ദിലീപ്, നീത പിള്ള, പ്രാണിത സുഭാഷ് എന്നിവരെ കൂടാതെ ഷൈൻ ടോം ചാക്കോ, അജ്മൽ അമീർ, മനോജ് കെ ജയൻ, സിദ്ദിഖ്, ജോൺ വിജയ്, സമ്പത്ത് റാം, കോട്ടയം രമേഷ്, തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിൽ അണിനിരക്കുന്നു. ശ്യാം ശശിധരൻ എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറാമാൻ മനോജ് പിള്ളയാണ്. വില്യം ഫ്രാൻസിസ് സംഗീതസംവിധാനം ഒരുക്കുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈർ ഗണേഷ് മാരാർ ആണ്.