in ,

അന്താരാഷ്ട്ര നിലവാരത്തിൽ ഹൊറർ അനുഭവം സമ്മാനിച്ച് രാഹുൽ സദാശിവൻ, വിസ്മയിപ്പിച്ച് പ്രണവും; ‘ഡീയസ് ഈറേ’ റിവ്യൂ 

അന്താരാഷ്ട്ര നിലവാരത്തിൽ ഹൊറർ അനുഭവം സമ്മാനിച്ച് രാഹുൽ സദാശിവൻ, വിസ്മയിപ്പിച്ച് പ്രണവും; ‘ഡീയസ് ഈറേ’ റിവ്യൂ 

‘ഭൂതകാലം’, ‘ഭ്രമയുഗം’ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ ഹൊറർ സിനിമയ്ക്ക് പുതിയ മാനം നൽകിയ സംവിധായകൻ രാഹുൽ സദാശിവൻ, പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ‘ഡീയസ് ഈറേ’ എന്ന ചിത്രത്തിലൂടെ ഒരിക്കൽ കൂടി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം, ഹൊറർ ത്രില്ലർ വിഭാഗത്തിൽ രാഹുൽ സദാശിവനുള്ള കയ്യടക്കവും പ്രതിഭയും അടിവരയിടുന്നു. മലയാള സിനിമയിൽ നിന്നുള്ള ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള ചലച്ചിത്രാനുഭവമാണ് “ഡീയസ് ഈറേ” സമ്മാനിക്കുന്നത്.

പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന രോഹൻ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം വികസിക്കുന്നത്. അമേരിക്കയിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്ന രോഹൻ, ആധുനിക കാലത്തിന്റേതായ എല്ലാ സുഖസൗകര്യങ്ങളും ഒപ്പം നല്ലതും ചീത്തയുമായ സ്വഭാവവിശേഷങ്ങളും ഉള്ളൊരാളാണ്. ജോലിയുടെ ഭാഗമായി കേരളത്തിൽ തിരിച്ചെത്തുന്ന അയാൾ, അച്ഛൻ പണിത വലിയ വീട്ടിൽ താമസമാക്കുന്നു. എന്നാൽ, രോഹന്റെ ഒരു സുഹൃത്തിന്റെ ആത്മഹത്യയോടെ കഥയുടെ ഗതി അപ്രതീക്ഷിതമായി മാറുകയും, തുടർന്ന് അയാൾ നേരിടുന്ന വെല്ലുവിളികളും ഭയാനകമായ അനുഭവങ്ങളുമാണ് ചിത്രം പറയുന്നത്.

കണ്ടുപരിചയിച്ച ഹൊറർ സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി, പ്രേക്ഷകരെ ആദ്യാവസാനം വരെ ആകാംഷയുടെയും ഭയത്തിന്റെയും മുൾമുനയിൽ നിർത്തുന്ന ആഖ്യാനശൈലിയാണ് രാഹുൽ സദാശിവൻ സ്വീകരിച്ചിരിക്കുന്നത്. റിയലിസ്റ്റിക് ആയ കഥാസാഹചര്യങ്ങളും വിശ്വസനീയമായ തിരക്കഥയും ചിത്രത്തെ കൂടുതൽ ആകർഷകമാക്കുന്നു. ജമ്പ് സ്കേർ രംഗങ്ങൾക്കൊപ്പം, ശബ്ദവും നിശബ്ദതയും ലൈറ്റിംഗും ഉപയോഗിച്ച് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സംവിധായകൻ വലിയ വിജയം നേടിയിട്ടുണ്ട്. സ്വാഭാവികത നിറഞ്ഞ സംഭാഷണങ്ങൾ ചിത്രത്തിന് കൂടുതൽ മിഴിവേകുന്നു.

രോഹൻ എന്ന കേന്ദ്ര കഥാപാത്രമായി പ്രണവ് മോഹൻലാൽ കാഴ്ചവെച്ചത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ്. ഓരോ സിനിമ കഴിയുന്തോറും ഒരു നടൻ എന്ന നിലയിൽ പ്രണവ് കൈവരിക്കുന്ന വളർച്ച അതിശയിപ്പിക്കുന്നതാണ്. അണ്ടർ ആക്റ്റിംഗിന്റെയും നിയന്ത്രിതാഭിനയത്തിന്റെയും ഉത്തമ ഉദാഹരണമായി ഈ ചിത്രത്തിലെ പ്രകടനം വിലയിരുത്തപ്പെടുന്നു. ക്ലോസപ്പ് ഷോട്ടുകൾ ധാരാളമുള്ള ചിത്രത്തിൽ, നോട്ടം കൊണ്ടും ചലനംകൊണ്ടും നിശബ്ദതകൊണ്ടുപോലും കഥാപാത്രത്തിന്റെ ഭയം, ഒറ്റപ്പെടൽ, പിരിമുറുക്കം എന്നിവ അതിമനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ പ്രണവിന് സാധിച്ചു. ജിബിൻ ഗോപിനാഥ്, അരുൺ അജികുമാർ, മനോഹരി ജോയ്, ജയാ കുറുപ്പ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി. ജിബിൻ ഗോപിനാഥിന്റെ പ്രകടനം അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവാണെന്ന് നിസ്സംശയം പറയാം.

ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഉയർന്ന നിലവാരം പുലർത്തി. ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ ഉദ്വേഗഭരിതമായ അന്തരീക്ഷം നിലനിർത്തുന്നതിൽ നിർണായകമായി. സൗണ്ട് ഡിസൈനർ ജയദേവൻ ചക്കാടത്തും സൗണ്ട് മിക്സിങ് നിർവഹിച്ച എം.ആർ. രാജാകൃഷ്ണനും ശബ്ദം കൊണ്ടും നിശബ്ദത കൊണ്ടും സ്ക്രീനിൽ മായാജാലം സൃഷ്ടിച്ചു. ഷെഹ്‌നാദ് ജലാലിന്റെ ഛായാഗ്രഹണം ഭീതിയുടെ ആഴം കൂട്ടിയപ്പോൾ, ഷഫീക് മുഹമ്മദ് അലിയുടെ എഡിറ്റിംഗ് കഥയുടെ ഒഴുക്കിന് വേഗത നൽകി. കൂടാതെ, കലാസംവിധാനം നിർവഹിച്ച ജ്യോതിഷ് ശങ്കർ, മേക്കപ്പ് ഒരുക്കിയ റൊണക്സ് സേവ്യർ, സ്റ്റണ്ട് കൈകാര്യം ചെയ്ത കലൈ കിംഗ്സൺ, വസ്ത്രാലങ്കാരം ചെയ്ത മെൽവി ജെ എന്നിവരും എന്നിവരും അഭിനന്ദനം അർഹിക്കുന്ന ജോലിയാണ് ചിത്രത്തിൽ ചെയ്തിരിക്കുന്നത്. 

ചുരുക്കത്തിൽ, സ്ഥിരം ഹൊറർ കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായ ഒരു പുതിയ അനുഭവം ആഗ്രഹിക്കുന്നവർക്ക് “ഡീയസ് ഈറേ” ഒരു മികച്ച തിരഞ്ഞെടുപ്പാണ്. പ്രേക്ഷകനെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ഹൊറർ സിനിമകളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി അടയാളപ്പെടുത്തും.

ജൂഡ് ആന്റണി ജോസഫ് – വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ ആരംഭിച്ചു; റിലീസ് അപ്‌ഡേറ്റും പുറത്ത്