in

ഹാട്രിക് 50 കോടിയിലേക്ക് പ്രണവ് മോഹൻലാൽ; ‘ഡീയസ് ഈറേ’ 4 ദിന ആഗോള കളക്ഷൻ റിപ്പോർട്ട്

ഹാട്രിക് 50 കോടിയിലേക്ക് പ്രണവ് മോഹൻലാൽ; ‘ഡീയസ് ഈറേ’ 4 ദിന ആഗോള കളക്ഷൻ റിപ്പോർട്ട്

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഹൊറർ ത്രില്ലർ ചിത്രം ‘ഡീയസ് ഈറേ’യുടെ ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് ആദ്യ നാല് ദിനം കൊണ്ട് ചിത്രം സ്വന്തമാക്കിയ ആഗോള ഗ്രോസ് കളക്ഷൻ 44 കോടിയോളമാണ്. ഉടൻ തന്നെ 50 കോടി ക്ലബിലും ചിത്രം ഇടം പിടിക്കും. ഇതോടെ ഹാട്രിക്ക് 50 കോടി നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം മലയാള താരമായി പ്രണവ് മോഹൻലാൽ മാറും.

ഹൃദയം (55 കോടി), വർഷങ്ങൾക്ക് ശേഷം (85 കോടി) എന്നിവയാണ് ഈ നേട്ടം കൈവരിച്ച മുൻ പ്രണവ് ചിത്രങ്ങൾ. മോഹൻലാൽ മാത്രമാണ് ഈ നേട്ടം മുൻപ് മലയാളത്തിൽ സ്വന്തമാക്കിയ നടൻ. എമ്പുരാൻ (265 കോടി), തുടരും (233 കോടി), ഹൃദയപൂർവം (75 കോടി) എന്നിവയാണ് മോഹൻലാലിനെ ഈ നേട്ടത്തിന് അർഹനാക്കിയത്.

കേരളത്തിൽ നിന്ന് മാത്രം ആദ്യ 4 ദിവസം കൊണ്ട് 18 കോടിക്ക് മുകളിലാണ് ‘ഡീയസ് ഈറേ’ സ്വന്തമാക്കിയത്. ആദ്യ വീക്കെൻഡിൽ ആഗോള ഗ്രോസ് ആയി 38 കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം ഒരു A റേറ്റഡ് മലയാളം ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണ് സ്വന്തമാക്കിയത്. ഉണ്ണി മുകുന്ദൻ നായകനായ ‘മാർക്കോ’ എന്ന ചിത്രത്തിന്റെ റെക്കോർഡ് ആണ് ‘ഡീയസ് ഈറേ’ തകർത്തത്.

ചിത്രത്തിലെ പ്രണവിന്റെ പ്രകടനത്തിന് വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. ക്രോധത്തിന്റെ ദിനം’ എന്ന അര്‍ത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നാണ് ഈ ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതും രാഹുൽ സദാശിവൻ തന്നെയാണ്. ക്രിസ്റ്റോ സേവ്യർ ഒരുക്കിയ സംഗീതത്തിനും വലിയ കയ്യടികളാണ് ലഭിക്കുന്നത്.

വീണ്ടും അഭിനയ വിസ്മയമായി മമ്മൂട്ടി; 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു