in

“ഇന്നത്തെ ലോകത്തിന് ആവശ്യമായ സിനിമ, എന്നെ വിശ്വസിച്ച് ‘കുബേര’ കാണൂ”: ധനുഷ്

“ഇന്നത്തെ ലോകത്തിന് ആവശ്യമായ സിനിമ, എന്നെ വിശ്വസിച്ച് ‘കുബേര’ കാണൂ”: ധനുഷ്

ധനുഷിനെ നായകനാക്കി ദേശീയ അവാർഡ് ജേതാവ് ശേഖർ കമ്മൂല സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കുബേര’ നാളെ ലോകമെമ്പാടും റിലീസ് ചെയ്യും. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. റിലീസിനോടനുബന്ധിച്ച് നടന്ന പ്രൊമോഷൻ പരിപാടിയിൽ ധനുഷ് നടത്തിയ പ്രസ്താവനകളാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചാവിഷയം.

‘കുബേര’ തനിക്കൊരു പ്രത്യേക ചിത്രമാണെന്നും തമിഴിലും തെലുങ്കിലുമായി ഇത് രണ്ട് ഭാഷകളിൽ ചിത്രീകരിച്ചതാണെന്നും ധനുഷ് പറഞ്ഞു. “ഇന്നത്തെ ലോകത്തിന് ആവശ്യമായ ഒരു സിനിമയാണിത്. ഈ ചിത്രം നിങ്ങൾക്കേവർക്കും ഇഷ്ടപ്പെടുമെന്ന് എനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ട്. എന്നെ വിശ്വസിച്ച് നിങ്ങൾക്ക് ഈ സിനിമ കാണാം,” ധനുഷ് തന്റെ പ്രതീക്ഷയും ആത്മവിശ്വാസവും വേദിയിൽ പങ്കുവെച്ചു.

സംവിധായകൻ ശേഖർ കമ്മൂലയെക്കുറിച്ചും ധനുഷ് വാചാലനായി. “വെറുപ്പ് പടർന്നുപിടിക്കുന്ന ഈ കാലത്ത് ശേഖർ കമ്മൂലയെപ്പോലെ ഒരാളെ കണ്ടുമുട്ടാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്,” ധനുഷ് പറഞ്ഞു. ശേഖർ കമ്മൂല ഒരു നിഷ്കളങ്കനും ശുദ്ധനുമായ വ്യക്തിയാണെന്നും ആകാശത്തുനിന്ന് ഇറങ്ങിവന്ന ഒരു മാലാഖയായി അദ്ദേഹത്തെ വിശേഷിപ്പിക്കാമെന്നും ധനുഷ് കൂട്ടിച്ചേർത്തു. താൻ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ സംവിധായകരുമായി പ്രവർത്തിച്ചിട്ടുണ്ടെന്നും, അവരിൽ മികച്ചൊരു സംവിധായകൻ എന്നതിലുപരി, ഇത്ര നല്ലൊരു മനുഷ്യനുമായി ഇടപഴകാൻ സാധിച്ചത് ജീവിതത്തിലെ അനുഗ്രഹമായി താൻ കാണുന്നുവെന്നും ധനുഷ് വെളിപ്പെടുത്തി.

ധനുഷിനൊപ്പം തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ജിം സർഭ്, ദലിപ് താഹിൽ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ‘കുബേര’ ഒരു പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തും. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്. ചിത്രത്തിന്റെ ട്രെയിലറുകളും ടീസറുകളും ഗാനങ്ങളുമെല്ലാം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൻ ഹിറ്റായി മാറിയിരുന്നു.

നികേത് ബൊമ്മി ഛായാഗ്രഹണവും കാർത്തിക ശ്രീനിവാസ് ആർ എഡിറ്റിംഗും ദേവിശ്രീ പ്രസാദ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. തൊട്ട ധരണി പ്രൊഡക്ഷൻ ഡിസൈനർ ആണ്. പിആർഒ ശബരി.

‘രാജാസാബി’ലെ വമ്പൻ പ്രേതക്കൊട്ടാരം; പ്രഭാസ് ചിത്രത്തിന് പിന്നിൽ തലശ്ശേരിക്കാരൻ രാജീവൻ നമ്പ്യാരുടെ കരവിരുത്!

ഷെയിൻ നിഗം ചിത്രം ‘ഹാൽ’: ബോളിവുഡ് ഗായകൻ അങ്കിത് തിവാരി മലയാളത്തിൽ അരങ്ങേറുന്നു