നിബന്ധനകൾ തിരിച്ചടിയായി; പ്രഭാസിന്റെ ‘സ്പിരിറ്റിൽ’ നിന്ന് ദീപിക പദുകോൺ പുറത്ത്?

അർജുൻ റെഡ്‌ഡി, അനിമൽ എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്ക ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രമാണ് പ്രഭാസ് നായകനായ ‘സ്പിരിറ്റ്’. പ്രഭാസ് പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ ദീപിക പദുകോൺ ആണ് നായികയായി തീരുമാനിക്കപ്പെട്ടത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിൽ നിന്ന് ദീപിക പുറത്തായി എന്ന വിവരമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നടിയുടെ പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റം ആണ് അതിന് കാരണം എന്നും വാർത്തകളുണ്ട്.
സ്പിരിറ്റിൽ ഭാഗമാകുന്നതിന് നിരവധി ആവശ്യങ്ങളാണ് ദീപിക പദുകോൺ മുന്നോട്ടുവെച്ചതെന്ന് തെലുങ്ക് മാധ്യമങ്ങൾ പറയുന്നു. ഒരു ദിവസത്തിൽ ആറ് മണിക്കൂർ മാത്രം ജോലി, 20 കോടി പ്രതിഫലവും അതിന് പുറമെ സിനിമയുടെ ലാഭവിഹിതവും വേണമെന്നും ദീപിക ആവശ്യപ്പെട്ടു എന്നാണ് സൂചന. ഇത് കൂടാതെ തെലുങ്കിൽ താൻ ഡയലോഗ് പറയില്ല എന്നും നടി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഈ ഡിമാന്‍റുകള്‍ അംഗീകരിക്കാന്‍ സ്പിരിറ്റ് ടീം തയ്യാറായില്ല എന്നും, അതോടെ ചിത്രത്തിൽ നിന്ന് ദീപിക പുറത്തായി എന്നുമാണ് വാർത്തകൾ.
ഇതിനെ കുറിച്ചുള്ള ഔദ്യോഗികമായ വിശദീകരണം ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല. ദീപികയ്ക്ക് പകരം പുതിയ നായികയെ കണ്ടെത്താനുള്ള ശ്രമം സ്പിരിറ്റ് ടീം ആരംഭിച്ചെന്നും തെന്നിന്ത്യൻ നായികയായ രുക്മിണി വസന്ത് ആയാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നതെന്നും സൂചനയുണ്ട്. 2025 ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കാൻ പാകത്തിന് പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന സ്പിരിറ്റ് 2027 ആദ്യം ആയിരിക്കും തീയേറ്ററുകളിൽ എത്തുക.
മൃണാൾ താക്കൂർ, സെയ്ഫ് അലി ഖാൻ, കരീന കപൂർ തുടങ്ങിയവരുടെ പേരുകളും ഈ ചിത്രത്തിന്റെ താരനിരയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. കരീനയും സെയ്‌ഫും ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലാവും എത്തുകയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ശൈലജ റെഡ്ഡി അല്ലുഡു, പക്കാ കൊമേഴ്സ്യൽ എന്നീ സിനിമകൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ദി രാജ സാബ് ആണ് പ്രഭാസിന്റെ അടുത്ത റിലീസ്.