പെപ്പെ പഞ്ച് ലക്ഷ്യം കണ്ടോ; ആന്റണി വർഗീസ് ചിത്രം ‘ദാവീദ്’ റിവ്യൂ വായിക്കാം

ആന്റണി വർഗീസ് എന്ന പെപ്പെയെ നായകനാക്കി നവാഗതനായ ഗോവിന്ദ് വിഷ്ണു ഒരുക്കിയ ആക്ഷൻ സ്പോർട്സ് ഡ്രാമയാണ് ദാവീദ്. ദീപു രാജീവൻ, ഗോവിന്ദ് വിഷ്ണു എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സെഞ്ച്വറി മാക്സ്, ജോൺ ആൻഡ് മേരി ക്രിയേഷൻസ്, പനോരമ സ്റ്റുഡിയോസ്, എബി അലക്സ് എബ്രഹാം, ടോം ജോസഫ് എന്നിവർ ചേർന്നാണ്. ലിജോമോൾ ജോസ്, സൈജു കുറുപ്പ്, വിജയ രാഘവൻ, മോ ഇസ്മായിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
ആന്റണി വർഗീസ് അവതരിപ്പിക്കുന്ന ആഷിക് അബു എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരുകാലത്ത് ബെറ്റ് വെച് റിങ് ഫൈറ്റിനു നിന്നിരുന്ന ആഷിക് പിന്നീട് അത് ഉപേക്ഷിക്കുകയും തന്റെ ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിലേക്ക് ചുരുങ്ങുകയും ചെയ്യുന്നു. പ്രത്യകിച്ചും സ്ഥിര ജോലിക്ക് ഒന്നും പോകാതെ, ഇടക്കു മാത്രം സെലിബ്രിറ്റി ബൗൺസർ ആയി ജോലി നോക്കിയാണ് ആഷിക് പണം കണ്ടെത്തുന്നത്. അതിനിടയിൽ ലോക പ്രശസ്ത ബോക്സർമാരിൽ ഒരാൾ കേരളത്തിലെത്തുമ്പോൾ ബൗൺസർ ആയി പോകുന്ന ആഷിക്കിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിതമായ സംഭവങ്ങളും ശേഷം ആഷിക് തിരിച്ച ബോക്സിങ് റിങ്ങിലേക്കു വരുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഗോവിന്ദ് വിഷ്ണു എന്ന ഈ സംവിധായകൻ ഒരു മികച്ച സ്പോർട്സ് മാസ്സ് എന്റർടെയ്ൻമെന്റ് ചിത്രം ഒരുക്കി തന്നെയാണ് മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. സംവിധായകനെന്ന നിലയിൽ, പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന രീതിയിൽ ചിത്രം അവതരിപ്പിക്കാൻ ഗോവിന്ദ് വിഷ്ണുവിന് സാധിച്ചിട്ടുണ്ട്. മികച്ച കഥാപാത്രങ്ങളും ആവേശം പകരുന്ന കഥാ സന്ദർഭങ്ങളും ഒരുക്കിയ രചയിതാക്കളും കയ്യടി അർഹിക്കുന്നു. ഒരു സംവിധായകൻ എന്ന നിലയിൽ മികച്ച രീതിയിൽ തന്നെ ആ തിരക്കഥക്കു ദൃശ്യ ഭാഷയൊരുക്കിയപ്പോൾ ഗോവിന്ദ് പുലർത്തിയ കയ്യടക്കമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി എന്നതും എടുത്തു പറയണം.
ഒരു സ്പോർട്സ് ആക്ഷൻ ഡ്രാമ ചിത്രത്തിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെല്ലാം കൃത്യമായ അളവിൽ ചേർക്കാൻ രചയിതാവിനും സംവിധായകനും കഴിഞ്ഞു. ഒരു നിമിഷം പോലും ബോർ അടിപ്പിക്കാതെ ആവേശകരമായ എല്ലാ ഘടകങ്ങളും ഒരുപോലെ കൂട്ടിയിണക്കി കഥ പറയാൻ ഇവർക്ക് സാധിച്ചപ്പോൾ ദാവീദ് മികച്ച അനുഭവം സമ്മാനിച്ചു. രണ്ടാം പകുതിയിലെ ഇടക്കിടക്കുള്ള മെല്ലെ പോക്കാണ് ചിത്രത്തെ കുറച്ചു പിന്നോട്ട് വലിച്ചത്. മാത്രമല്ല, ചിത്രത്തിലെ വൈകാരികമായ തലം പൂർണമായും പ്രേക്ഷകരുടെ മനസ്സുമായി ബന്ധിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുമില്ല എന്നതും ഒരു നെഗറ്റീവ് ആയി. എന്നിരുന്നാലും ടെക്നിക്കലി ബ്രില്ല്യന്റ് ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന സംഭാഷണങ്ങളും അതോടൊപ്പം കിടിലൻ ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിന് മുതൽക്കൂട്ടാണ്.
ആന്റണി വർഗീസ് എന്ന എന്ന നടന്റെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. ഒരിക്കൽ കൂടി പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന രീതിയിൽ തന്നെ തന്റെ കഥാപാത്രത്തെ ആന്റണി വർഗീസ് അവതരിപ്പിച്ചിട്ടുണ്ട് . ആഷിക് അബു എന്ന കഥാപാത്രത്തിന് ഈ നടൻ കൊടുത്ത ശരീര ഭാഷയും സ്വാഗും ചിത്രത്തിന് കൊടുത്ത മാസ്സ് അപ്പീൽ ഗംഭീരമായിരുന്നു. ഇതിനു വേണ്ടി ആന്റണി നടത്തിയ ശാരീരികമായ പരിവർത്തനവും, അദ്ദേഹത്തിന്റെ സ്ക്രീൻ പ്രെസെൻസും അതുപോലെ ആക്ഷൻ രംഗങ്ങളിൽ അദ്ദേഹം പുലർത്തിയ മികവും എടുത്തു പറയണം. സൈജു കുറുപ്പ് തന്റെ കോമെഡിയിലൂടെ കയ്യടി നേടിയപ്പോൾ മോ ഇസ്‍മയിലും വിജയ രാഘവനും ലിജോമോൾ ജോസും തങ്ങളുടെ വേഷങ്ങളോട് പൂർണ്ണമായും നീതി പുലർത്തിയിട്ടുണ്ട് എന്നത് ചിത്രത്തിന്റെ നിലവാരം ഉയർത്തിയിട്ടുണ്ട്.
കാമറ കൈകാര്യം ചെയ്ത സാലു കെ തോമസ് ഗംഭീരവും സ്റ്റൈലിഷുമായ ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയപ്പോൾ ജസ്റ്റിൻ വർഗീസ് ഒരുക്കിയ സംഗീതവും മികച്ചു നിന്നു. അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മാസ്സ് അപ്പീൽ തന്നെ വേറെ ലെവൽ ആക്കി മാറ്റിയിട്ടുണ്ട് . രാകേഷ് ചെറുമടം എന്ന എഡിറ്റർ പുലർത്തിയ മികവ് ആണ് ചിത്രത്തെ സാങ്കേതിക തികവുള്ള സിനിമാനുഭവമാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കു വഹിച്ചത് എന്നതും അഭിനന്ദിക്കപ്പെടേണ്ട കാര്യമാണ്. ചുരുക്കി പറഞ്ഞാൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമാനുഭവം സമ്മാനിക്കാൻ ഈ ചിത്രത്തിനു സാധിക്കും. വളരെ ആവേശകരമായ ഒരു മാസ്സ് സ്പോർട്സ് ആക്ഷൻ ഡ്രാമയാണ് ദാവീദ്. പ്രേക്ഷകരെ നിരാശരാക്കാത്ത ഒരു മാസ്സ് എന്റെർറ്റൈനെർ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രം കൂടിയാണിത്.
Daveed Movie Review | Newscoopz