നായികമാരെ വീഴ്ത്താൻ ‘ക്രിഞ്ച്’ പാട്ടുമായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും; ‘അപൂർവ്വ പുത്രന്മാർ’ സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്!

രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ‘അപൂർവ്വ പുത്രന്മാർ’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ‘ക്രിഞ്ച്’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനമാണ് റിലീസ് ആയിരിക്കുന്നത്. ഇവയ്ൻ എൻ്റർടെയ്ൻമെൻ്റ്സിന്റെ ബാനറിൽ ആരതി കൃഷ്ണ ആണ് ‘അപൂർവ്വ പുത്രന്മാർ’ നിർമ്മിക്കുന്നത്.
മലയാളി മങ്കീസാണ് ഈ ഗാനത്തിന് ഈണം പകരുകയും ആലപിക്കുകയും ചെയ്തിരിക്കുന്നത്. ഗാനരചന നിർവഹിച്ചിരിക്കുന്നത് വിനായക് ശശികുമാറും മലയാളി മങ്കീസും ചേർന്നാണ്. റിച്ചി റിച്ചാർഡ്സൺ ആണ് ആകർഷകമായ നൃത്തച്ചുവടുകൾ ഒരുക്കിയിരിക്കുന്നത്. ഒരു മുഴുനീള ഫാമിലി കോമഡി എൻ്റർടെയ്നർ ആയിരിക്കും ‘അപൂർവ്വ പുത്രന്മാർ’ എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ഒരു ഫൺ ഫാമിലി കോമഡി ത്രില്ലർ എന്ന നിലയിൽ എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ കഴിയുന്ന ഒരു സമ്പൂർണ്ണ വിരുന്നായിരിക്കും ഈ സിനിമയെന്ന് അണിയറക്കാർ ഉറപ്പുനൽകുന്നു. വീഡിയോ ഗാനം:
തെലുങ്കിൽ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പായൽ രാധാകൃഷ്ണയും കന്നഡയിൽ അരങ്ങേറ്റം കുറിച്ച അമൈറ ഗോസ്വാമിയും ആണ് ചിത്രത്തിലെ നായികമാർ. ഇരുവരുടെയും മലയാളത്തിലെ ആദ്യ ചിത്രമെന്ന പ്രത്യേകതയും ‘അപൂർവ്വ പുത്രന്മാർ’ക്കുണ്ട്. അശോകൻ, അലൻസിയർ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വത്സൻ, മീനരാജ് പള്ളുരുത്തി എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന താരനിരയിലുണ്ട്. ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിലൂടെ അരങ്ങേറുന്നുണ്ട്.
ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ശശി നമ്പീശൻ (എസ്.എൻ. ക്രിയേഷൻസ്), നമിത് ആർ (എൻ സ്റ്റാർ മൂവീസ്) എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. സുവാസ് മൂവീസ് സഹനിർമ്മാണം നിർവഹിച്ചിരിക്കുന്നു. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
ഷെൻ്റോ വി. ആൻ്റോ ഛായാഗ്രഹണവും, ഷബീർ സയ്യെദ് എഡിറ്റിംഗും നിർവഹിക്കുന്നു. മലയാളി മങ്കീസ്, റെജിമോൻ എന്നിവരാണ് സംഗീതം. ഗാനരചന നിർവഹിച്ചിരിക്കുന്നത് വിനായക് ശശികുമാർ, ടിറ്റോ പി തങ്കച്ചൻ, വിജയരാജ്, പ്രസന്ന, ചൊക്ലി റാപ്പർ എന്നിവർ ചേർന്നാണ്. വില്യം ഫ്രാൻസിസ് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.