മോഹൻലാൽ – അമൽ നീരദ് ടീമിനൊപ്പം ആസിഫ് അലി ?; ചിത്രം ഒക്ടോബറിൽ തുടങ്ങുന്നു

മോഹൻലാലിനെ നായകനാക്കി അമൽ നീരദ് ഒരുക്കാൻ പോകുന്ന ചിത്രത്തിൽ യുവതാരം ആസിഫ് അലിയും ഭാഗമാകും എന്ന് റിപ്പോർട്ടുകൾ. നേരത്തെ ഫഹദ് ഫാസിൽ ചെയ്യും എന്ന് കേട്ടിരുന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ജൂൺ- ജൂലൈ മാസത്തിൽ ആരംഭിക്കാനിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറിലേക്ക് മാറിയപ്പോൾ ഉണ്ടായ ഡേറ്റ് ക്ലാഷ് മൂലമാണ് ഫഹദ് ഫാസിൽ പിന്മാറിയത് എന്നാണ് സൂചന. റെഡ് വൈൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി ഭാഗമാകുന്ന മോഹൻലാൽ ചിത്രമായിരിക്കുമിത്.
ഒക്ടോബർ- നവംബർ മാസത്തിൽ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസ്, അമൽ നീരദ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് നേരത്തെ 80 ദിവസത്തോളം ചിത്രീകരണം പ്ലാൻ ചെയ്ത ഈ പ്രൊജക്റ്റ് ഇനി 130 മുതൽ 150 ദിവസം വരെയെടുക്കും പൂർത്തിയാവാൻ എന്നും വാർത്തകൾ പറയുന്നു.
അമൽ നീരദ്, വിൻസെന്റ് വടക്കൻ എന്നിവർ ചേർന്ന് രചിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിൻ ശ്യാം, കാമറ ചലിപ്പിക്കുന്നത് ലിറ്റിൽ സ്വയമ്പ് എന്നിവരാണ്. ഒരു ഗ്യാങ്സ്റ്റർ ഡ്രാമയാണ് ചിത്രമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കേരളത്തിന് അകത്തും പുറത്തുമായി ചിത്രീകരണം പ്ലാൻ ചെയ്യുന്ന ഈ പ്രോജക്ടിന്റെ താരനിരയിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരും ഉണ്ടാകുമെന്നും സൂചനയുണ്ട്.
2009 ൽ പുറത്ത് വന്ന സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ- അമൽ നീരദ് ടീം ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ട്, പ്രീ പ്രൊഡക്ഷൻ ജോലികൾ എന്നിവ പുരോഗമിക്കുകയാണ്. സമീറ സനീഷ് ആണ് ചിത്രത്തിന് വസ്ത്രാലങ്കാരം നിർവഹിക്കുക. മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം, ഭ ഭ ബ, ജയിലർ 2 എന്നിവയിലെ അതിഥി വേഷങ്ങൾ എന്നിവ പൂർത്തിയാക്കുന്ന മോഹൻലാൽ ദൃശ്യം 3 കൂടി പൂർത്തിയാക്കിയ ശേഷം ആയിരിക്കും അമൽ നീരദ് ചിത്രത്തിൽ ജോയിൻ ചെയ്യുക എന്നാണ് റിപ്പോർട്ട്.