സ്ക്രീനിലെ കറുപ്പും വെളുപ്പും പ്രേക്ഷക മനസ്സിൽ കളറായോ? ‘ഭ്രമയുഗം’ റിവ്യൂ വായിക്കാം…
കളർ പടങ്ങളുടെ ഈ കാലത്ത് ഒരു പുതിയ സിനിമാ അനുഭവം സമ്മാനിക്കാൻ ഭ്രമയുഗം എന്നൊരു ബ്ലാക്ക് ആൻഡ് വൈറ്റ് പടം എത്തിയിരിക്കുകയാണ്. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ചിത്രം മമ്മൂട്ടിയുടെ വേഷപ്പകർച്ച കൊണ്ടും റിലീസിന് മുന്നേ തന്നെ പ്രേക്ഷക ശ്രദ്ധ നേടി ആണ് റിലീസ് ആയിരിക്കുന്നത്. കൂടാതെ, ‘എന്തോ ഒന്ന് ഈ ചിത്രത്തിൽ ഉണ്ട്’ എന്ന പ്രതീതി സൃഷ്ടിക്കാൻ ഭ്രമയുഗത്തിൻ്റെ ഓരോ പ്രോമോ മെറ്റീരിയലുകൾക്കും സാധിച്ചിരുന്നു. ഹൊറർ ത്രില്ലർ ആയി ഒരുക്കിയ ചിത്രം ഒരു മനയെ ചുറ്റി പറ്റിയാണ് കഥ പറഞ്ഞു പോകുന്നത്.
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം ദക്ഷിണ മലബാറിലെവിടെയോ പുഴ കടക്കാനാവാതെ കാട്ടിൽ അകപ്പെട്ട ഒരു പാണൻ (അർജുൻ അശോകൻ) വളരെ ദുരൂഹത നിറഞ്ഞ ഒരു മനയിൽ എത്തപ്പെടുന്നു. തലപൊക്കത്തിൽ പുല്ല് വളർന്ന് നിൽക്കുന്ന, മുറ്റം ഏതെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത ഈ മനയിൽ ആൾ താമസം ഇല്ല എന്ന തോന്നൽ ആദ്യം ഉണ്ടാക്കുന്നു എങ്കിലും അതങ്ങനെ ആയിരുന്നില്ല!
കൊടുമൺ പോറ്റിയുടെ മനയിൽ ആയിരുന്നു പാണൻ എത്തിയത്. അവിടെ അയാൾക്കൊരു വെപ്പുകാരനും ഉണ്ട്. ഭക്ഷണവും അഭയവും പ്രതീക്ഷിച്ച പാണന് അവിടെ നിന്ന് അതെല്ലാം ലഭിക്കുന്നു. എന്നാൽ അതിന് പകരമായി അയാൾക്ക് നൽകേണ്ടി വന്നത് അതിലും വിലമതിക്കാൻ അവാത്ത മറ്റൊന്ന് ആയിരുന്നു – സമയം. മനയിൽ നിന്ന് പുറത്തുകടക്കാൻ കഴിയാതെ അയാൾ അവിടെ ശരിക്കും കുടുങ്ങി.
മനയിൽ എന്താണ് സംഭവിക്കുന്നത്, മനയുടെയും കൊടുമൺ പോറ്റിയുടെയും ചരിത്രം എന്താണ്, മനിയിൽ നിന്ന് പുറത്തുകടക്കാൻ എന്തേലും വഴി ഉണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങൾ പാണൻ്റെയും പ്രേക്ഷകരുടെയും മനസ്സിൽ ഒരേ പോലെ ചിത്രം വിതറുന്നു. മനയുടെ ഭീതിപ്പെടുത്തുന്ന അന്തരീക്ഷത്തിൽ പാണന് ഒപ്പം പ്രേക്ഷകരും കൂടെ പോകുന്നു. ഭീതിയ്ക്ക് ഒപ്പം ദുരൂഹതകൾ, നിഗൂഢതകൾ എല്ലാം പയ്യെ പയ്യെ ചുരുൾ അഴിയുന്നു, അതാണ് ഭ്രമയുഗം എന്ന ഈ ചിത്രം.
തികച്ചും പുതിയ ഒരു സിനിമ അനുഭവം സമ്മാനിക്കാൻ ഈ ചിത്രത്തിലൂടെ സംവിധായകൻ രാഹുൽ സദാശിവന് കഴിയുന്നുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റിൽ മതി ഈ ചിത്രം എന്ന തീരുമാനവും വളരെ പ്രശംസിക്കേണ്ട ഒന്നാണ്. സിനിമ കണ്ട് കഴിയുമ്പോൾ പ്രേക്ഷകർക്കും മറ്റൊരു അഭിപ്രായം വരാൻ സാധ്യതയില്ല. ടി ഡി രാമകൃഷ്ണൻ ഒരുക്കിയ സംഭാഷണങ്ങൾ ചിത്രത്തിൻ്റെ കാലഘട്ടത്തിന് ഒപ്പം ചേർന്ന് നിൽക്കുന്നവയാണ്. ക്രിസ്റ്റോ സേവ്യർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഉയർന്ന നിലവാരം പുലർത്തി. സംഗീതത്തിലൂടെ സിനിമയുടെ മൂഡ് കൃത്യമായി സൃഷ്ടിക്കാൻ ക്രിസ്റ്റോ സേവ്യറിനായിട്ടുണ്ട്. ഷെഹ്നാദ് ജലാലിന്റെ ഛായാഗ്രഹണവും പ്രശംസ അർഹിക്കുന്നു. എടുത്തു പറയേണ്ട മറ്റൊന്ന് ജ്യോതിഷ് ശങ്കറിൻ്റെ കലാ സംവിധാനം ആണ്. ആ മനയും അകത്തളങ്ങളും അതിൻ്റെ ചുറ്റുപാടും ഒക്കെ ഗംഭീരമായി തന്നെ സൃഷ്ടിച്ചു എടുത്തിരിക്കുന്നു.
ചിത്രത്തിലെ അഭിനേതാക്കളുടെ മത്സരിച്ചുള്ള പ്രകടനം ഏറെ ശ്രദ്ധേയമാണ്. ഓരോ നോക്കിലും വാക്കിലും ചിരിയിൽ പോലും കൊടുമൺ പോറ്റിയായി മമ്മൂട്ടി ജീവിക്കുകയായിരുന്നു. ട്രെയിലറിൽ ഉൾപ്പെടെ നൽകിയ സൂചന പോലെ പാണൻ ആയി അർജുൻ അശോകൻ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ചിത്രത്തിൽ പുറത്തെടുത്തിരിക്കുന്നത്. കൊടുമൺ പോറ്റിയുടെ വെപ്പുകാരൻ ആയി സിദ്ധാർത്ഥ് ഭരതൻ നടത്തിയ പ്രകടനം അദ്ദേഹത്തിൻ്റെ കരിയറിന് പുതിയ ഒരു തുടക്കം തന്നെ കുറിക്കും എന്ന് ഉറപ്പിച്ച് പറയാം. സിദ്ധാർത്ഥ് അത്രയ്ക്ക് ഗംഭീര പ്രകടനം ആണ് ഈ ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്.
ഭ്രമയുഗം മലയാളത്തിൻ്റെ മറ്റൊരു പരീക്ഷണ ചിത്രം ആണ്. ഭയങ്കരമായി പേടിപ്പെടുത്തുന്ന സിനിമ അനുഭവം അല്ല, പ്രേക്ഷകർക്ക് കഥാപാത്രങ്ങൾക്ക് ഒപ്പം ലേശം ഭയത്തോടെ സഞ്ചരിക്കാവുന്ന ഒരു ചിത്രം. സാങ്കേതികമായി മികച്ചു നിൽക്കുന്ന ഈ ചിത്രം ബിഗ് സ്ക്രീനിൽ തന്നെ കണ്ടറിയണം. മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയ താരങ്ങളുടെ ഗംഭീര പ്രകടനവും പ്രേക്ഷകർക്ക് കാണാം. ഒരിക്കൽ പോലും ബിഗ് സ്ക്രീനിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കണ്ടിട്ടില്ലാത്ത പ്രേക്ഷകർക്ക് അത്തരത്തിലും ഒരു അനുഭവം തിയേറ്റർ കാഴ്ചയിൽ ചിത്രം സമ്മാനിക്കും.