ദുൽഖർ സൽമാന് ഒപ്പം തിളങ്ങാൻ ഭാഗ്യശ്രീ ബോർസെ; ‘കാന്ത’ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ദുൽഖർ സൽമാന്റെ നായികയായി തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണ് ഭാഗ്യശ്രീ ബോർസെ. സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘കാന്ത’ എന്ന ചിത്രത്തിലാണ് ദുൽഖറും ഭാഗ്യശ്രീയും ഒന്നിക്കുന്നത്. ഈ ചിത്രത്തിലെ ഭാഗ്യശ്രീയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. തമിഴിൽ ഒരുക്കിയ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസിനെത്തും.
മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമിക്കുന്ന ആദ്യ അന്യഭാഷ ചിത്രം കൂടിയാണ് ‘കാന്ത’. റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയുമായി ചേർന്നാണ് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുൽഖർ സൽമാൻ, ഭാഗ്യശ്രീ ബോർസെ എന്നിവരോടൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഭാഗ്യശ്രീ കഥാപാത്രത്തിനായി ചെയ്ത പ്രയത്നങ്ങൾ സിനിമ മേഖലയിൽ ചർച്ചയാവുകയാണ്. ചിത്രീകരണത്തിന്റെ തുടക്ക സമയത്ത് തമിഴ് അറിഞ്ഞിരുന്നില്ലെങ്കിലും കഥാപാത്രത്തിനായി ഭാഗ്യശ്രീ തമിഴ് ഭാഷ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്തു.
‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്. ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി. ചിത്രത്തിന്റെ ട്രെയിലറും കൂടുതൽ വിശദാംശങ്ങളും വരും മാസങ്ങളിൽ പുറത്തുവിടും.