” ഈ സംവിധായകൻ ഗായകനും ആണ്! “; മോഹൻലാൽ ആലപിച്ച ബറോസിലെ ഇസബെല്ലാ ഗാനം പുറത്ത്..
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. മോഹൻലാൽ തന്നെ ആലപിച്ച ഗാനം രചിച്ചത് വിനായക് ശശികുമാറും ഈ ഗാനത്തിന് ഈണം പകർന്നത് ലിഡിയൻ നാദസ്വരവുമാണ്. ഇസബെല്ല എന്ന വരികളോടെ തുടങ്ങുന്ന ഗാനം മനോഹരമായ ഈണത്തിന്റെ അകമ്പടിയോടെയാണ് ഒരുക്കിയിരിക്കുന്നത്.
ഈ ഗാനത്തിന്റെ റെക്കോർഡിങ് സെഷൻ ആണ് വീഡിയോ ആയി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഗംഭീര ഓർക്കസ്ട്രേഷൻ ആണ് ഗാനത്തിന്റെ ഹൈലൈറ്റ്. ലളിതമായ വരികളും ഗാനത്തെ മനോഹരമാക്കുന്നുണ്ട്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിൽ ആണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം ഡിസംബർ 25 ക്രിസ്മസ് റിലീസ് ആയാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. പൂർണ്ണമായും ത്രീഡിയിൽ ഷൂട്ട് ചെയ്ത രണ്ടാമത്തെ മാത്രം ഇന്ത്യൻ ചിത്രമാണ് ബറോസ്. ഐമാക്സിൽ എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ബറോസ് എന്ന പ്രത്യേകതയുമുണ്ട്.
കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ഈ ത്രീഡി ഫാന്റസി ചിത്രത്തിൽ ടൈറ്റിൽ റോൾ ചെയ്യുന്നതും മോഹൻലാൽ തന്നെയാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയത് ഹോളിവുഡിൽ നിന്നുള്ള മാർക്ക് കിലിയനാണ്. സന്തോഷ് ശിവൻ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് ബി അജിത് കുമാറാണ്. ആശീവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.ബറോസ് നിർമ്മിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഇന്ത്യൻ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഹിന്ദി പതിപ്പിന്റെ റിലീസ് ഡിസംബർ 27 നാണ്.