in

ബാലയ്യ-നയൻതാര ജോഡി വീണ്ടും; ബ്രഹ്മാണ്ഡ ചിത്രം ‘NBK111’ പൂജയോടെ തുടങ്ങി

ബാലയ്യ-നയൻതാര ജോഡി വീണ്ടും; ബ്രഹ്മാണ്ഡ ചിത്രം ‘NBK111’ പൂജയോടെ തുടങ്ങി

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘വീര സിംഹ റെഡ്ഡി’ക്ക് ശേഷം തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയും സംവിധായകൻ ഗോപിചന്ദ് മലിനേനിയും വീണ്ടും ഒന്നിക്കുന്നു. ‘NBK111’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചരിത്ര സിനിമയുടെ പൂജ ചടങ്ങുകൾ ഹൈദരാബാദിൽ നടന്നു. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്ന ചിത്രം വൻ താരനിരയും വലിയ മുതൽമുടക്കുമായാണ് ഒരുങ്ങുന്നത്.

ചലച്ചിത്ര-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ആന്ധ്രാപ്രദേശ് മന്ത്രിമാരായ അനഗാനി സത്യ പ്രസാദ്, ഗോട്ടിപതി രവി കുമാർ എന്നിവർ ചേർന്ന് ചിത്രത്തിന്റെ തിരക്കഥ നിർമ്മാതാക്കൾക്ക് കൈമാറി. പ്രശസ്ത സംവിധായകൻ ബി. ഗോപാൽ ആദ്യ ക്ലാപ്പടിച്ചപ്പോൾ, ബാലകൃഷ്ണയുടെ മകൾ തേജസ്വിനി ക്യാമറ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സംവിധായകരായ ബോയപതി ശ്രീനു, ബോബി, ബുച്ചി ബാബു എന്നിവർ ചേർന്നാണ് ആദ്യ ഷോട്ട് സംവിധാനം ചെയ്തത്.

‘സിംഹ’, ‘ജയ് സിംഹ’, ‘ശ്രീ രാമ രാജ്യം’ എന്നീ ചിത്രങ്ങൾക്ക് ശേഷം നയൻതാര വീണ്ടും ബാലകൃഷ്ണയുടെ നായികയായി എത്തുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രധാന ആകർഷണം. ഇത് നാലാം തവണയാണ് ഈ താരജോഡി ഒരുമിച്ച് സ്ക്രീനിലെത്തുന്നത്. ഇതുവരെ ഒരുക്കിയ മാസ് കൊമേഴ്സ്യൽ ചിത്രങ്ങളിൽ നിന്ന് മാറി, ഗോപിചന്ദ് മലിനേനി ആദ്യമായി സംവിധാനം ചെയ്യുന്ന ചരിത്ര പശ്ചാത്തലത്തിലുള്ള സിനിമയാണിത്.

പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രത്യേക പോസ്റ്റർ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. നീട്ടി വളർത്തിയ മുടിയും താടിയുമായി, കയ്യിൽ വാളും നങ്കൂരവുമേന്തി നിൽക്കുന്ന രാജകീയ രൂപത്തിലാണ് ബാലകൃഷ്ണ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ചരിത്രവും ആക്ഷനും സമന്വയിപ്പിച്ച് ഒരുക്കുന്ന ഈ ദൃശ്യവിസ്മയത്തിലെ മറ്റു താരങ്ങളെയും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി

ആസിഫ് അലി ചിത്രം ‘ടിക്കി ടാക്ക’യിൽ മമ്മൂട്ടിയും?